കോതമംഗലം :- കീരംപാറ പഞ്ചായത്തിൽ ഊഞ്ഞാപ്പാറ പമ്പ് ഹൗസിൽ പുതുതായി സ്ഥാപിച്ച 25 എച്ച് പി യുടെ മോട്ടോർ പമ്പ് സെറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്തിലെ 8,9 വാർഡുകൾ ഉൾക്കൊള്ളുന്ന ഊഞ്ഞാപ്പാറ, നാടുകാണി പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഊഞ്ഞാപ്പാറ പമ്പ് ഹൗസിൽ നിന്നുമാണ്. നിലവിൽ 25 എച്ച് പി യുടെ ഒരു മോട്ടോർ പമ്പ് സെറ്റ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ പമ്പ് സെറ്റിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ പലപ്പോഴും കുടിവെള്ളം മുടങ്ങുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി 5 ലക്ഷം രൂപ മുടക്കിയാണ് പുതിയ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ചത്.
പുതിയ മോട്ടോർ പമ്പ് സെറ്റ് ഇവിടെ സ്ഥാപിച്ചതോടെ ഊഞ്ഞാപ്പാറ,നാടുകാണി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം സുഗമമാകുമെന്ന് എം എൽ എ പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ്,വാട്ടർ അതോറിറ്റി എ എക്സ് ഇ നിഷ ഐസക്, പഞ്ചായത്ത് മെമ്പർമാരായ ആശമോൾ ജയപ്രകാശ്, അൽഫോൻസ സാജു,ലിസ്സി ജോസ്, ജിജോ ആന്റണി,വി കെ വർഗീസ്, സിനി ബിജു,ഇ പി രഘു,എം എസ് ശശി തുടങ്ങിയവർ പങ്കെടുത്തു.