പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ കൊടുവേലിതുറ, ഏത്തപ്പള്ളി തോട് നവീകരണത്തിന് 230 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തുക അനുവദിച്ചത്. കൊടുവേലിതുറ സംരക്ഷണത്തിന് 1.75 ലക്ഷം രൂപയും ഏത്തപ്പള്ളി തോട് നവീകരണത്തിന് 56 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതിയുടെ മറ്റു നടപടിക്രമങ്ങൾ ഉടൻ പൂർത്തികരിക്കുവാൻ എം.എൽ.എ നിർദ്ദേശം നൽകി. കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ആണ് പദ്ധതിയുടെ നിർമ്മാണ നിർവഹണം നടത്തുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാന ജലാശയങ്ങളിൽ ഒന്നായ കൊടുവേലി ചിറ നവീകരണത്തിനായി 1.75 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി എംഎൽഎ കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
5 കോടി രൂപയുടെ പദ്ധതിയാണ് കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ വഴി നബാർഡിന്റെ ഗ്രാമീണ മേഖല അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലേക്ക് സമർപ്പിച്ചതെങ്കിലും ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാതിനാൽ 1.75 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയി പുതുക്കി നൽകുവാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി കൊടുവേലിച്ചിറയുടെ നവീകരണം പൂർത്തികരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
ഒക്കൽ പഞ്ചായത്തിലെ 3,5,7,8 വർഡുകളിലായി ഒന്നര കിലോമീറ്റർ നീളത്തിൽ 16.5 ഏക്കർ വിസ്തൃതിയുള്ള ജലശയമാണ് കൊടുവേലി തുറ. ഏറ്റവും വലിയ ജലാശയങ്ങളിൽ ഒന്നായ ഇവിടെ ചെളിയും പായലും നിറഞ്ഞു തുറ മോശമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ പ്രളയത്തിന് ചെളി അടിഞ്ഞു കൂടി ചിറയിൽ നിറഞ്ഞു കിടക്കുകയാണ്. 1150 മീറ്ററിലെ ചെളിയും പായലും നീക്കം ചെയ്തു ചിറയുടെ ആഴം വർദ്ധിപ്പിക്കും. 2000 മീറ്റർ നീളത്തിൽ ബണ്ട് കെട്ടി ചിറ സംരക്ഷിക്കും. ഇത് കൂടാതെ 800 മീറ്റർ നീളത്തിൽ വശങ്ങൾ കെട്ടി സംരക്ഷിക്കുയും ചെയ്യുന്നതിനും പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പുരയിടങ്ങളിലെ കൃഷികൾക്കും കൊടുവേലി തുറയോട് ചേർന്നുള്ള പടശേഖരങ്ങളിലെ കൃഷി ആവശ്യങ്ങൾക്കും ചിറ നവീകരണം ഏറെ ഗുണകരമാണ്. കൂടലപ്പാട് കൊടുവേലി തുറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ഇവിടെ നിന്നാണ് ജലം ലഭ്യമാക്കുന്നത്. ഒക്കൽ പഞ്ചായത്തിലെ 5,6,7,8 വാർഡുകളിലേക്ക് വെള്ളം ലഭ്യമാകുന്നതും ഇവിടെ നിന്നാണ്. ഏത്തപ്പള്ളി തോട് നവീകരണത്തിന് 55 ലക്ഷം രൂപയുടെ പദ്ധതി. 250 ഏക്കറോളം വിസ്തൃതിയുള്ള പെരുമറ്റം പാടശേഖരത്തിലെ കൃഷിക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഏത്തപ്പള്ളി തോട് നവീകരണം. വെള്ളം കെട്ടി നിന്ന് പാടശേഖരത്തിലെ കൃഷിക്ക് ദോഷകരമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പദ്ധതി തയ്യാറാക്കിയതെന്ന് എം.എൽ.എ പറഞ്ഞു.
തോടിന്റെ വീതി കൂട്ടി പുനർ നിർമ്മാണത്തിനായി 15 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇവിടെ കയ്യേറ്റം ഉള്ളതിനാൽ ഒഴിപ്പിച്ചതിന് ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കുവാൻ സാധിക്കുകയുള്ളൂ. കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത്തുടങ്ങിയതായി വാർഡ് അംഗം മിഥുൻ ടി.എൻ എന്നിവർ അറിയിച്ചു. 350 മീറ്റർ നീളത്തിൽ ലീഡിംഗ് ചാനൽ നിർമ്മിക്കുന്നതിനും അത്രയും ദൂരം ബണ്ട് കെട്ടുന്നതിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. എം.എൽ.എ ഫണ്ട് ഉൾപ്പെടെ 70 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതി പൂർത്തികരിക്കുന്നതോടെ പെരുമാറ്റം പാടശേഖരത്തിലെ കർഷികരുടെ പ്രധാന പ്രശ്നത്തിന് പരിഹാരമാവുകയാണ്.