കുട്ടമ്പുഴ: കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ തിരിച്ചു കിട്ടിയ ആദിവാസി യുവാവ് ചികിൽസയ്ക്ക് ബുദ്ധിമുട്ടുന്നു. പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ കാൽകീഴിൽ നിന്നും രക്ഷപെട്ട് വീട്ടിൽ ഇരിപ്പായത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലിനോക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ മാർച്ചിൽ അപകടം. സംഭവത്തിനു ശേഷം വനം വകുപ്പ് യാതൊരു സഹായവും ചെയ്തിട്ടില്ല. വനത്തിലുണ്ടായ കാട്ടുതീ അണച്ച ശേഷം വീട്ടിലേക്കു വരുന്നതിനിടെ പിണവൂർ കുടി വേലപ്പൻ വളവിൽ വച്ചായിരുന്നു ഒറ്റയാൻ ആക്രമിച്ചത് . പ്രമോട്ടർ അജിതയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വലതു കാൽ ആനയുടെ ചവിട്ടേറ്റ് ഒടിഞ്ഞു. ശരീരത്തിന്റെ മിക്ക ഭാഗത്തും പരിക്കേറ്റു.
കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയിലാണിപ്പോഴും. ചികിൽസാ സഹായം ആവശ്യപ്പെട്ട് മൂന്നാർ ഡി.എഫ്. ഓയ്ക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓപ്പറേഷൻ നടത്തി വലതു കാലിൽ കമ്പി ഇട്ടിട്ടുള്ളതിനാൽ ഇരിക്കാനും, നടക്കാനും ബുദ്ധിമുട്ടുണ്ട്.കാട്ടാന ശല്യം രൂക്ഷമായ പിണവൂർ കുടിയിൽ പരിഹാരമായി വനം വകുപ്പ് ഒന്നും ചെയ്തിട്ടില്ല. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമാണ് ബാലകൃഷ്ണൻ ആവശ്യപ്പെടുന്നത്. ഉണ്ടായിരുന്ന പണിയും പോയി നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ടപെടുകയാണ് ബാലകൃഷ്ണന്റെ കുടുംബം