പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ ഇദ്യോഗസ്ഥ തല യോഗം എം.എൽ.എ ഓഫിസിൽ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു യുവാവ് മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് എം.എൽ.എ മന്ത്രിക്കും ചീഫ് എൻജിനിയർക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയത്. എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും യോഗത്തിൽ സംബന്ധിക്കും. നിരവധി തവണ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ നേരിട്ടും ഫോൺ മുഖേനയും നടത്തിയിട്ടും ഉദ്യോഗസ്ഥരുടെയും കരാറുകരന്റെയും അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്ന് എം.എൽ.എ ആരോപിച്ചു.
പൂർത്തിയാക്കാനുള്ള കലുങ്കുകൾ, കാനകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നിലവിൽ നടക്കുന്നത്. റോഡ് നിർമാണം പൂർത്തിയാകത്തതിനാൽ ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3 കിലോമീറ്റർ ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. കാനകളുടെയും കലുങ്കുകളുടെയും നിർമ്മാണം, വൈദ്യുതി പോസ്റ്റുകൾ, ജല വിതരണ പൈപ്പുകൾ എന്നിവയുടെ മാറ്റി സ്ഥാപിക്കൽ എന്നീ കാരണങ്ങൾ കൊണ്ട് വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള ഭാഗം ടാർ ചെയ്യുവാൻ ഇതുവരെ സാധിച്ചിട്ടില്ല.
വളയൻചിറങ്ങര, ചാവേലിപ്പാടം, സൗത്ത് പരത്തുവയലിപ്പടി, മണ്ണൂർ എന്നീ പ്രദേശങ്ങളിൽ കലുങ്കുകളും കാനകളും നിർമ്മാണം, വശങ്ങൾ കെട്ടി സംരക്ഷിക്കൽ എന്നി പ്രവൃത്തികൾ ആണ് നടക്കുന്നത്. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം. മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. യുവാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല. 14 മാസങ്ങൾ കൊണ്ട് തീർക്കേണ്ട റോഡ് പ്രവൃത്തി ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം മൂലമാണ് വൈകുന്നതെന്നും എം.എൽ.എ പറഞ്ഞു. ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനോടും എം.എൽ.എ അഭ്യർത്ഥിച്ചിട്ടുണ്ട്.