കോതമംഗലം: സ്ഥാനാർഥിയായ ഭാര്യക്ക് വേണ്ടി ഭർത്താവായ വില്ലേജ് ഓഫിസറുടെ രാത്രി കാല പോസ്റ്റർ ഒട്ടിക്കൽ വിവാദത്തിൽ ആയിരിക്കുകയാണ്. ഒപ്പം പാർട്ടി മാറി മത്സരരംഗത്തുള്ള സ്ഥാനാർത്ഥിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും. കോതമംഗലം മുൻസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ (ചേലാട് ) യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലിസി പോളിനു വേണ്ടി സ്ഥാനാർഥിയുടെ ഭർത്താവും, പിണ്ടിമന വില്ലേജ് ഓഫീസറുമായ പോൾ പുന്നക്കൽ രാത്രി കാലങ്ങളിൽ പോസ്റ്റർ ഒട്ടിക്കുന്നത് ആണ് വിവാദത്തിൽ ആയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹം എല്ലാ നിയമങ്ങളും തെറ്റിച്ച് രാത്രിയുടെ മറവിൽ ഭാര്യയുടെ പോസ്റ്റർ ഒട്ടിച്ചു നടക്കുകയാണ് എന്നതാണ് ആക്ഷേപം.
പാർട്ടി മാറി മത്സര രംഗത്തുള്ള ആളാണ് ലിസി പോൾ. കോതമംഗലം മുൻസിപ്പൽ കൗൺസിലിൽ സി പി ഐ അംഗമായിരുന്ന ലിസി ഇത്തവണ അതെ വാർഡിൽ കേരള കോൺഗ്രസ് ജോസഫിലേക്ക് മാറി യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. പാർട്ടി മാറി മാറി നടക്കുന്ന ലിസിക്കെതിരെ ട്രോളുകളും പ്രചരിക്കുകയാണ്. കഴിഞ്ഞ തവണത്തെ എൽ ഡി എഫ് ബാനറിൽ മത്സരിച്ചപോലുള്ള പോസ്റ്ററും, ഇത്തവണത്തെ യു ഡി എഫ് ബാനറിൽ മത്സരിക്കുന്ന പോസ്റ്ററും കാണിച്ചാണ് ട്രോൾ മഴ.