കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര ഭാഗത്ത് നിന്ന് മണ്ണടിച്ച ടിപ്പർ ലോറിയാണ് പോത്താനിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ മാനുവലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. മണ്ണ് കടത്തിനെതിരെ നിയമ നടപടി സ്വികരിക്കണമെന്നു കാണിച്ചു, കാക്കനാട് സ്ഥിതി ചെയ്യുന്ന മൈനിങ് &ജിയോളജി വിഭാഗത്തിന് പോത്താനിക്കാട് പോലീസ് ഇൻസ്‌പെക്ടർ കത്ത് അയച്ചു.
കോതമംഗലം, വാരപ്പെട്ടി, പോത്താനിക്കാട് മേഖലയിൽ വ്യാപകമായി മണ്ണ് എടുക്കൽ തകൃതിയായി നടക്കുകയാണ്. പട്ടാപ്പകലും, രാത്രിയുടെ മറവിലും എല്ലാം ഒരുപോലെയാണ് ഈ മണ്ണ് കടത്തൽ. പെർമിറ്റ് ഇല്ലാതെയും, കെട്ടിടം പണി യുടെ പേര് പറഞ്ഞു പെർമിറ്റോടെയും എല്ലാം ആണ് ഈ കടത്തൽ. ഈ മേഖലയിൽ വ്യാപകമായി നിലം നികത്തലും നടക്കുന്നു. നെൽവയൽ നികത്തൽ, തണ്ണീർത്തട നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഈ നിയമ ലംഘനം. ലക്ഷങ്ങളുടെ കച്ചവടമാണ്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ഈ മണ്ണ് കടത്തൽ യഥേഷ്ടം നടക്കുന്നത് .
ദിവസേന നൂറു കണക്കിന് മണ്ണ് ലോറികൾ ആണ് താലുക്കിന് അകത്തും പുറത്തുമായി ചീറി പായുന്നത്. ഇടക്ക് ഇതുപോലെ പൊലീസ് ഒന്നോ രണ്ടോ മണ്ണ് ലോറികൾ പിടികൂടുന്നു. മുൻ കാലങ്ങളിൽ ശക്തമായ സ്‌ക്വഡിന്റെ പ്രവർത്തനം ഉണ്ടായിരുന്നു. അന്ന് കടത്തലും, നികത്തലും എല്ലാം കുറവായിരുന്നു.