കോതമംഗലം : കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മോശം കാലത്തെ വരും ദിനങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കുതിപ്പ് ആയി വേണം കരുതാൻ എന്നും അദ്ദേഹം പറഞ്ഞു. മണ്ണ്,വായു,ജലം,ജീവജാലങ്ങൾ എന്നിവ നാടിന്റെ പൊതു സ്വത്ത് ആണ്.ഇവയെ ആണ് ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്.
പരിസ്ഥിതിക്ക് പോറൽ ഏല്പിക്കാത്ത വിധത്തിൽ ഈ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നത്.കോവിഡ് കാലത്ത് 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്.എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് സൗന്ദര്യവത്കരണ പദ്ധതിയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 40 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രം പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് മുഖേന നടപ്പാക്കിയ ഭൂതത്താൻകെട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ചത്.
ഏറുമാടങ്ങൾ,ജലാശയത്തിന്റെ സംരക്ഷണ ഭിത്തി,കോട്ടേജ് നവീകരണം,യാർഡ് ലൈറ്റിങ്ങ്,ഓപ്പൺ എയർ തിയേറ്റർ,ഇരിപ്പിടങ്ങൾ,ലാൻഡ് സ്കേപിംഗ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൂൾ ഏരിയയിൽ വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ടിങ്ങ് സൗകര്യം ഒരുക്കും. പൂൾ ഏരിയയിൽ മീൻ വളർത്തലോടൊപ്പം പെഡൽ ബോട്ടിൽ സഞ്ചരിച്ച് പൂളിൽ നിന്ന് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനും വേണ്ട സൗകര്യം ലഭ്യമാക്കും. എടത്തോടുകൾ നിർമ്മിച്ച് പെഡൽ ബോട്ട് വഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തി ചേരുന്നതിനു വേണ്ട സൗകര്യം ഒരുക്കും.പൂളിനോട് ചേർന്ന് വരുന്ന നടപ്പാതയിൽ വാക് വേ സൗകര്യവും, നടപ്പാതയോട് ചേർന്ന് വിവിധ തരത്തിലുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഓർഗാനിക് ഗാർഡൻ,മനോഹരമായ വെർട്ടിക്കൽ ഗാർഡൻ,ഫോട്ടോ സെക്ഷനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച സ്ഥല സൗകര്യങ്ങൾ എന്നിവ ഒരുക്കും. ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഡി ടി പി സി നിർവ്വാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് എം എൽ എ, ജില്ലാ കളക്ടർ എസ് സുഹാസ്,മുൻ മന്ത്രി ടി യു കുരുവിള,ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ,വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്,ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്,ഡി ടി പി സി നിർവ്വാഹക സമിതി അംഗം ജോണി തൊട്ടക്കര, സെക്രട്ടറി എസ് വിജയകുമാർ, പഞ്ചായത്ത് അംഗം ബിജു പി നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.