കോതമംഗലം: മലയോര ജനവാസ മേഖലയില്‍ ഉമ്മന്‍.വി.ഉമ്മന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമായി (ബെഫര്‍ സോണ്‍) പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും, വന്യമൃഗാക്രമണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കര്‍ഷക കോണ്‍ഗ്രസ് കോതമംഗലത്ത് സംഘടിപ്പിച്ച മലയോര കര്‍ഷക സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് തട്ടേക്കാട് അടക്കം മലയോര മേഖലകളില്‍ താമസം ആരംഭിച്ച 30 ലക്ഷത്തോളം കര്‍ഷകരെ നിര്‍ദയം കുടിഇറക്കി വിടുന്നതിന് കാരണമാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാടത്ത തീരുമാനം വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ തികഞ്ഞ അവഗണയോടെ തള്ളി കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോടതികളിലും, ഹരിത ട്രൈബ്യൂണലിലും കര്‍ഷക ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കാത്തതിനാലാണ് ഒരു കിലോ മീറ്റര്‍ ചുറ്റളവെന്ന ഉത്തരവ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. കര്‍ഷക രോഷം മനസ്സിലാക്കി ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെടണമെന്ന് റോജി എം. ജോണ്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണ കാലത്ത് നിയമിച്ച ഉമ്മന്‍.വി.ഉമ്മന്‍ കമ്മീഷന് നാനാ കണ്ടെത്തലുകളും, പരിശോധനയും, ചര്‍ച്ചകളും നടത്തി തയ്യാറാക്കി നല്കിയ റിപ്പോര്‍ട്ടാണ് സകലരും അംഗീകരിച്ചിട്ടുളളത്. ഈ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ഒരു കിലോമീറ്റര്‍ ചുറ്റളവെന്ന ഉത്തരവ്. ഈ ഉത്തരവ് തിരുത്തി കര്‍ഷകരെ സംരക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുവാന്‍ സദസ്സ് തീരുമാനിച്ചു.
കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. സദസ്സില്‍ കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ്ജ് കര്‍ഷക സംരക്ഷണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജെയിംസ് കോറമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. എം. എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി. കെ. പോള്‍, കെ.ഇ. കാസീം, പീറ്റര്‍ മാത്യു, ബൈജു പരണായി, ചന്ദ്രലേഖ ശശിധരന്, ഷൈമോള്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.