കോതമംഗലം: ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന് പരാതി; കഴുത്തിനും കൈക്കും പരിക്കേറ്റ യുവാവ് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിൽ ഓട്ടം പോയത് ചോദ്യം ചെയ്ത് ജീപ്പ് ഡ്രൈവറായ ഡോൺ ജോയിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ബ്ലാവനയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് വാരിയം. ഇവിടെയുള്ള ആദിവാസികൾക്ക് പുറംലോകത്തേക്ക് എത്താൻ നാട്ടുകാരുടെ ജീപ്പ് മാത്രമാണ് ആശ്രയം.
ഫോറസ്റ്റുകാർ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് ഏതാനും ആദിവാസികളെ വാരിയം ആദിവാസി കോളനിയിലാക്കിയിട്ട് തിരിച്ചു വരുമ്പോഴാണ് മറ്റൊരു ജീപ്പിൽ വരികയായിരുന്ന ഫോറസ്റ്റ് ദ്യോഗസ്ഥൻ മർദ്ദിച്ചതെന്ന് ഡോൺ പറഞ്ഞു.
ഗതാഗത സൗകര്യമില്ലാത്ത വാരിയം ആദിവാസി കോളനിയിലേക്ക് ആരും ഓട്ടം പോകാൻ മടിക്കും. അത്ര ദുർഘടമായ കാട്ടുപാതയാണ് ഇവിടെയുള്ളത്. കുറച്ച് സേവനമനസ്ഥിതിയുള്ള ഡ്രൈവർമാരാണ് ആദിവാസികളെ ഊരിലെത്തിക്കാൻ തയ്യാറാകുന്നത്.
ആദിവാസി ഊരുകളിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താൻ തയ്യാറാകാത്ത വനം വകുപ്പ് ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജനസംരക്ഷണ സമിതി നേതാവ് ഫാ.റോബിൻ പറഞ്ഞു. എന്നാൽ വനം വകുപ്പിൻ്റെ അനുമതിയില്ലാതെ ആരേയും ആദിവാസി മേഖലകളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.