കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിന്
പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മുപ്പത്തിയേഴ് ലക്ഷം രൂപയും,ഭിന്നശേഷി സൗഹൃദ ഹൈടെക് ടോയ്‌ലറ്റ് നിർമ്മാണത്തിന് ഒരു ലക്ഷത്തി നാൽപതിനായിരം രൂപയും ഉൾപ്പടെ മുപ്പത്തിയെട്ടുലക്ഷത്തി നാൽപതിനായിരം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.153 വർഷം പഴക്കമുള്ള ജില്ലയിലെ തന്നെ പുരാതന വിദ്യാലയങ്ങളിലൊന്നാണ് കോട്ടപ്പടി സൗത്ത് എൽ പി എസ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവർത്തനത്തിന്റെ ഭാഗമായി ഈ സ്കൂൾ അക്കാദമിക് രംഗത്തും കുട്ടികളുടെ പ്രവേശനത്തിലും വലിയ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്.
സ്കൂളിൽ ഹൈടെക് ക്ലാസ്സുകൾ ഒരുക്കുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന “കൈറ്റ് ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പ്,പ്രൊജക്ടർ,മൾട്ടി പർപ്പസ് പ്രിൻ്റർ വിത്ത് സ്കാനർ, മാഗ്നറ്റിക് വൈറ്റ് ബോർഡ്,സ്പീക്കർ തുടങ്ങിയ ഐ സി റ്റി ഉപകരണങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു. സ്കൂളിൽ പ്രീ പ്രൈമറി,അംഗനവാടി ടീച്ചർമാർക്കും ആയമാർക്കും പരിശീലനം നല്കുന്ന ശാസ്ത്രീയ ലീഡ് പ്രീ സ്കൂൾ സംവിധാനം,ആധുനിക മൾട്ടി മീഡിയ ലാബ്,സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സംവിധാനങ്ങളും പ്രവർത്തിച്ചുവരുന്നു.
അതോടൊപ്പം എൽ എസ് എസ് സ്കോളർഷിപ്പ്, വിദ്യാരംഗം,കലോത്സവം എന്നീ രംഗങ്ങളിലും സ്കൂളിലെ കുട്ടികൾ മികവു തെളിയിച്ച് വരുന്നു.ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടത്തിൻ്റേയും, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റിൻ്റേയും നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറുമെന്നും,പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നതെന്നും എം എൽ എ അറിയിച്ചു.