പെരുമ്പാവൂർ : ചേലാമറ്റം വില്ലേജ് ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചു ധാരണയായതായി എംഎൽഎ പറഞ്ഞു. എസ്റ്റിമേറ്റ് പൂർത്തീകരിച്ചു മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും. 2018 ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭ്യമായത്. പദ്ധതി വേഗത്തിലാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേരുകയും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനം എടുക്കുകയുമായിരുന്നു.
രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഏകദേശം 1400 ചതുരശ്രയടി ചുറ്റളവിലുള്ള കെട്ടിടത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ശുദ്ധജലവും ഒരുക്കും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനവും ടോക്കണ്‍ എടുക്കുന്നതിനുള്ള സൗകര്യങ്ങളും, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറിയും പദ്ധതിയിൽ ഉണ്ടാകും.
സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമുള്ള വിശ്രമസ്ഥലവും ഏഴ് ഉദ്യോഗസ്ഥർക്ക് ഒരേസമയം തന്നെ ജോലി ചെയ്യുന്നതിനുള്ള ഓഫീസ് സൗകര്യവും സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകതയാണ്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ശുചിമുറികൾ, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, അടുക്കള, യോഗങ്ങൾ ചേരുന്നതിനുള്ള ഹാൾ, ഉദ്യോഗസ്ഥർക്കുള്ള മിനി ഹാൾ എന്നിവ പുതിയ ഓഫീസ് സൗകര്യങ്ങളുടെ ഭാഗമായി നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹസിൽദാർ എൽദോ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അരുൺ എം.എസ്, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.