പെരുമ്പാവൂർ : പെരിയാർ വാലി ജലസേചന പദ്ധതിയുടെ കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിന്റെ പ്രളയക്കാട് ഭാഗത്ത് ഇടതു ബണ്ടിൽ ഗർത്തം രൂപപ്പെട്ടു റോഡ് നെടുകെ പിളർന്നു. സംഭവ സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പിള്ളി എംഎൽഎ വേഗത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഏകദേശം 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. 10 മീറ്റർ നീളത്തിൽ കനാലിന്റെ ബണ്ട് ഇടിഞ്ഞിട്ടുണ്ട്. 25 മീറ്ററോളം പുതിയതായി കനാലിന്റെ സൈഡ് കെട്ടി സംരക്ഷിക്കേണ്ടി വരും. കൂടാതെ മണ്ണ് നിറച്ചു റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും ഇതിനോടൊപ്പം തുക ഉൾക്കൊള്ളിക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞാൽ മാത്രമേ ആവശ്യമായ തുക വ്യക്തമാകുകയുള്ളു എന്ന് പെരിയാർ വാലി അധികൃതർ അറിയിച്ചു.
കനാലിന്റെ സൈഡുകളിൽ ഉള്ള പൊത്തുകൾ മഴവെള്ളം മൂലം വലുതായി ഗർത്തം രൂപപ്പെട്ടതാണ് എന്നാണ് ലഭ്യമായ വിവരം. മാസങ്ങൾക്ക് മുൻപ് ഇതേ കനാലിന്റെ വലതു വശം ഇടിഞ്ഞു ചെറിയ ഗർത്തമായി മാറിയിരുന്നു. അവിടെ മണൽ ചാക്കുകൾ നിറച്ചു താൽക്കാലികമായി അപകടം ഒഴിവാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് സൈഡ് കെട്ടി സംരക്ഷിക്കുന്നതിന് 6 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കനാലിനോട് ചേർന്നുള്ള ഒരു വീടിന് കുഴപ്പം ഒന്നും സംഭവിച്ചില്ല. മുടക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത്കുമാർ, പെരിയാർ വാലി സുപ്രണ്ടിംഗ് എൻജിനിയർ സുപ്രഭാ എൻ, എക്സിക്യൂട്ടിവ് എൻജിനിയർ സി.വി ബൈജു, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബിജി എൻ.എ, അനിൽ പി.കെ, ഡേവിസ് പി.പി എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു