പെരുമ്പാവൂർ : വേങ്ങൂർ ഗവ. ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കണ്ടെത്തി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭ്യമായത്. 2017 ജൂലൈ പന്ത്രണ്ടിന് ഭരണാനുമതി ലഭ്യമായ ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിക്കുന്നത്. കെട്ടിടം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മണ്ണ് പരിശോധന നടത്തിയപ്പോൾ മണ്ണിന് ഉറപ്പില്ലാത്തതിനാൽ പൈൽ ഫൗണ്ടേഷൻ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു . 230 പൈലുകളിലാണ് ഒന്നാം നില പൂർത്തികരിക്കുന്നത്.
19,500 ചതുരശ്രയടി ചുറ്റളവിലാണ് ആദ്യ ഘട്ടം പൂർത്തിയാവുന്നത്. നാല് പ്രാക്ടിക്കൽ ട്രേഡ് ഹാളുകൾ, 2 ക്ലാസ് മുറികൾ, ജി.ഐ മുറി, ഓഫിസ്, സ്റ്റോർ മുറി, റെക്കോർഡ് മുറി, ട്രേഡ് മെറ്റീരിയൽ മുറി സൂക്ഷിക്കുന്നതിനുള്ള എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗമാണ് എസ്റ്റിമേറ്റ്, പ്ലാൻ എന്നിവ തയ്യാറാക്കിയത്. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിൽ നിരവധി തവണ ഭേദഗതികൾ നിർദ്ദേശിച്ചതിനെ തുടർന്ന് എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച ശേഷമാണ് എസ്റ്റിമേറ്റ് പൂർത്തിയാക്കിയത്. ഭാവിയിൽ വരാൻ പോകുന്ന കോഴ്‌സുകൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് രണ്ട് ഘട്ടമായി പദ്ധതി പൂർത്തികരിക്കുന്നതിന് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായി ഏകദേശം 8 കോടി രൂപ വരുമെന്നാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ, മുൻ എംഎൽഎ സാജു പോൾ, പി.എൻ വേലായുധൻ, പ്രിൻസിപ്പാൾ ബെന്നി ടി.വി, ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ സുബ്രഹ്മണ്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.