ഏബിൾ സി. അലക്സ്
കോതമംഗലം: വ്യത്യസ്തമായ പല മാദ്ധ്യമങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളും, ശിൽപങ്ങളും തീർക്കുന്ന ഡാവിഞ്ചി സുരേഷിൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.നൂറു മീഡിയങ്ങൾ ചെയ്യണമെന്നാണ് സുരേഷിൻ്റെ ആഗ്രഹം. ഇപ്പോൾ 62 മീഡിയങ്ങൾ പിന്നിട്ടു കഴിഞ്ഞു എന്ന് അദ്ദേഹം പറയുന്നു’. ഇന്ന് ഡാവിഞ്ചി തിരഞ്ഞെടുത്തിരിക്കുന്ന മാദ്ധ്യമം കടൽ ഷെല്ലുകൾ ആണ്. വ്യത്യസ്ത നിറങ്ങളിൽ ഉള്ള കടൽ കക്കകൾ ഉപയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മനോഹര ചിത്രം തിർത്തിരിക്കുന്നു.ഇതിനായി ഡാവിഞ്ചി സുരേഷ് പല നിറത്തിലുള്ളതും, രൂപത്തിലുള്ളതുമായ ശംഖുകളും , ഞവണിക്കകളും, കക്കളും ഒക്കെ ഉപയോഗിച്ചിരിക്കുന്നു. കടപ്പുറത്തു നിന്നു സുഹൃത്തുക്കൾ ശേഖരിച്ചു നൽകിയ ഈ ഷെല്ലുകൾ സോപ്പുലായനി ഉപയോഗിച്ച് കഴുകിയ ശേഷമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.
6 അടി നീളവും, 4 അടി വീതിയും ഉള്ള ഒരു വെള്ള ബോർഡിലാണ് ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ നയന മനോഹരമായ രൂപം തിർത്തിരിക്കുന്നത്.ഇതിനായി ആദ്യം പെൻസിൽ ഉപയോഗിച്ച് വെള്ള ബോർഡിൽ സ്കെച്ച് ചെയ്തു.പിന്നീട് ആ സ്കെച്ച് ചെയ്തതിൻ്റെ മുകളിൽ കഴുകി വെച്ചിരിക്കുന്ന ഷെല്ലുകൾ ഒരോന്നായി അടുക്കി, അടുക്കി വെച്ച് ചിത്രം പൂർത്തികരിച്ചു. വേണ്ടത്ര കളറുകൾ ഉള്ള ഷെല്ലുകൾ ലഭിച്ചില്ലായെങ്കിലും , മുടിക്ക് കറുത്ത നിറം കിട്ടുന്നതിനു വേണ്ടി കല്ലുമ്മേക്കായുടെ പുറംതോട് ഉപയോഗിച്ചിരിക്കുന്നു. എന്തായാലും ഈ ഷെല്ലുകൾ കൊണ്ടുള്ള ധോണി ചിത്രം കാഴ്‌ചക്കാരിൽ അത്ഭൂതമാണ് സ്യഷ്ടിച്ചിരിക്കുന്നത്.