കോതമംഗലം – കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിൻ്റെ ആദ്യഘട്ട വിതരണത്തിനുള്ള പാക്കിങ്ങ് പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പൂർത്തീകരിച്ച് റേഷൻ കടകളിലേക്കുള്ള വിതരണം ആരംഭിച്ചു. ആദ്യകിറ്റിൻ്റെ വിതരണോദ്ഘാടനം കോതമംഗലം സെൻ്റ്. ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് എ ആർ ഡി 24,എ ആർ ഡി 25 കടകളിലേക്കുള്ള കിറ്റുകൾ കൈമാറിക്കൊണ്ട് ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.താലൂക്കിലെ 3842 എ എ വൈ കാർഡുടമകൾക്കാണ് ആദ്യഘട്ട കിറ്റ് വിതരണം നടത്തുന്നത്. തുടർന്ന് മറ്റുള്ള കാർഡുകൾക്കുള്ള വിതരണം ആരംഭിക്കുമെന്നും,സമയ ബന്ധിതമായി വിതരണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
തദവസരത്തിൽ വാർഡ് കൗൺസിലർ ടീന മാത്യു,ഫാദർ ജോർജ് പീച്ചാനികുന്നേൽ,ഫാദർ ജോസഫ് മടത്തിൽ,ഫാദർ ജോസഫ് അടപ്പൂർ,കെ സി വൈ എം പ്രസിഡൻ്റ് ജിയോ മാത്യു, ട്രസ്റ്റിമാരായ സിറിയക് മേക്കാട്ടിൽ,ബിജു കുന്നുംപുറം,മാത്യു തെക്കേകുന്നേൽ, സപ്ലൈകോ സൂപ്പർ മാർക്കറ്റ് മാനേജർ ഷിഹാബ് എം എച്ച്,മാവേലി സ്റ്റോർ മാനേജർ സണ്ണി കെ എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.കിറ്റിൽ പഞ്ചസാര 1 കിലോ,ചെറുപയർ/വൻപയർ 500 ഗ്രാം, ശർക്കര 1 കിലോ,മുളക് പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം,മഞ്ഞൾപ്പൊടി 100 ഗ്രാം,സാമ്പാർ പൊടി 100 ഗ്രാം, വെളിച്ചെണ്ണ 500 മി ലി/സൺ ഫ്ളവർ ഓയിൽ 1 ലിറ്റർ,പപ്പടം 1 പായ്ക്കറ്റ്, സേമിയ/പാലട 1 പായ്ക്കറ്റ്,ഗോതമ്പ് നുറുക്ക് 1 കിലോ എന്നിങ്ങനെ 11 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റിലുള്ളത്.