കോതമംഗലം : ആലുവ – മൂന്നാർ റോഡിൽ തങ്കളം ഭാഗത്ത് ഉണ്ടാകുന്ന വലിയ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലമുടമകളുമായി ചർച്ച നടത്തി. മഴക്കാലത്ത് ഈ ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാൻ യോഗത്തിൽ ധാരണയായി.വെള്ളക്കെട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമായി ആദ്യ ഘട്ടമായി അടിയന്തിരമായി തങ്കളം ഭാഗത്ത് തോടിന് വീതി കൂട്ടുവാൻ ധാരണയായി.ഈ ഭാഗത്ത് മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം കോതമംഗലം,തൃക്കാരിയൂർ വില്ലേജുകളുടെ അതിർത്തിയിലൂടെ നിലവിൽ 4 അടി വീതിയുള്ള തോട്ടിൽ ചെന്ന് ചാടിയാണ് ഒഴുകിയിരുന്നത്. റോട്ടറി ക്ലബ് ഭാഗത്ത് നിന്ന് എക്സൈസ് ഓഫീസിൻ്റെ പുറക് വശത്ത് കൂടി ഉള്ള തോട് വഴി ഇളമ്പ്ര പാടശേഖരത്ത് നിന്നടക്കം ഒഴുകി വരുന്ന വെള്ളവും വന്ന് ചേരുന്നത് ഈ തോട്ടിലേക്കാണ്. ഇത്തരത്തിൽ രണ്ട് ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളം ഒരേ സ്ഥലത്ത് സംഗമിക്കുമ്പോൾ തോടിന് വീതി കുറവായതിനാൽ ആണ് വെള്ളം ഒഴുകുന്നതിന് തടസ്സമാകുന്നത്.ഈ പ്രശ്നത്തിന് പരിഹാരമായി രണ്ട് തോടും വന്ന് ചേരുന്ന ഭാഗത്ത് 15 മീറ്റർ നീളത്തിൽ നിലവിലുള്ള തോടിൻ്റെ വീതി 4 അടിക്കു പുറമെ 10 അടി കൂടി വർധിപ്പിക്കുവാൻ തീരുമാനമാകുകയും,ഇതിനു വേണ്ട സ്ഥലം വിട്ടു നൽകുവാൻ എംഎൽഎ സ്ഥലമുടമകളോട് നിർദേശിക്കുകയും, സ്ഥലമുടമകൾ അംഗീകരിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത ദിവസം തന്നെ ഹിറ്റാച്ചി ഉപയോഗിച്ച് തോട്ടിലെ ചെളി മാറ്റി അടിയന്തിരമായി തോടിന് വീതി കൂട്ടുവാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,കോതമംഗലം വില്ലേജ് ഓഫീസർ കെ എൻ അനിൽ കുമാർ,തൃക്കാരിയൂർ വില്ലേജ് ഓഫീസർ പി എം റഹീം,മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,സ്ഥലമുടകളായിട്ടുള്ള കെ എ ജേക്കബ്,മൈതീൻ ഇഞ്ചക്കുടി,ഷാജി പളളിമാലിൽ,ഷിബു പള്ളിമാലിൽ എന്നിവർ പങ്കെടുത്തു.തുടർ ഘട്ടങ്ങളായി താഴേക്കുള്ള വെള്ളത്തിൻ്റെ സുഗമമായ ഒഴുക്കിന് തോടിൻ്റെ വീതി വർധിപ്പിക്കുന്നതിനും,നിലവിലുള്ള ചെറിയ തോടുകൾ തെളിച്ച് വലിയ തോട്ടിലേക്ക് വെള്ളം എത്തിക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുവാനും ധാരണയായി.ഇതിനു പുറമെ ആലുവ – മൂന്നാർ റോഡിൻ്റെയും,ബൈപ്പാസ് റോഡിൻ്റെയും വശങ്ങളിലുള്ള ഓടകൾ ക്ലീൻ ചെയ്യുന്നതിന് മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെടുവാനും തീരുമാനിച്ചു.