പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ
4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള ക്യാമ്പുകൾ, കോവിഡ് രോഗം ബാധിച്ചവർക്കുള്ള ക്യാമ്പുകൾ, ക്വാറെന്റൈൻ ക്യാമ്പുകൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റവന്യു വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും. കാലവർഷകൊടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി താലൂക്ക് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.
മണ്ഡലത്തിലെ കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കും. പ്രളയ സാധ്യത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് എലിപ്പനി വരുവാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ ഗുളികകൾ നൽകും. ഒക്കൽ, വേങ്ങൂർ, വെങ്ങോല, നഗരസഭ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം മഴ മൂലമുള്ള പ്രശ്നങ്ങൾ ബാധിച്ചിരുന്നു. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷ പ്രവർത്തന ദൗത്യം സജ്ജീകരിക്കും. രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് 100 പേർക്ക് ഫയർ ഫോഴ്സ് പരിശീലനം നൽകും. കൂടാതെ മഴ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ വേഗത്തിൽ എത്തുന്നതിന് വാട്ട്സ് ആപ്പ് നമ്പർ ഒരുക്കും.
അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടികൾ സ്വീകരിക്കും. മരത്തിന്റെ ഉടമകൾക്ക് നോട്ടീസ് നൽകുകയും പാലിക്കാത്ത പക്ഷം മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ഈ മഴക്കാലത്ത് മരങ്ങൾ വീണ് 11 വീടുകൾക്കാണ് ഭാഗികമായ നഷ്ടങ്ങൾ സംഭവിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കി നഷ്ടത്തിന്റെ കണക്ക് രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു. വെള്ളം കയറിയത് മൂലം 12 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 40 വ്യക്തികൾക്ക് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 27 വ്യക്തികൾക്ക് അസുഖം ഭേദമായി. ഒരാളാണ് മരണപ്പെട്ടത്. വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ ഇരിക്കുന്നവർ 72 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്നു നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം 255 മാണ്.
വെങ്ങോല ഗ്രാമപഞ്ചായത്ത് പരിധിയിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു.14 പേര് നിലവിൽ ചികിത്സയിലുണ്ട്. ഒരാൾ മരണപ്പെടുകയും 252 പേർ നിരീക്ഷണത്തിലുമാണ്. പെരുമ്പാവൂർ നഗരസഭ പരിധിയിൽ കോവിഡ് രോഗം ബാധിച്ച 4 പേരും ഇപ്പോൾ ചികിത്സ തുടരുകയാണ്. 113 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുപ്രവർത്തകരുടെ സഹകരണം ഉറപ്പു വരുത്തും. വ്യക്തി ശുചിത്വം പാലിക്കുകയും സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ചടങ്ങകളിലും മറ്റും മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കുകയും കൈകൾ ശുചിയാക്കുകയും ചെയ്യുന്ന കാര്യം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പിന് യോഗം നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്ബ്, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബിന്ദു നാരായണൻ, മായ കൃഷ്ണകുമാർ, തഹസിൽദാർ വിനോദ് രാജ്, വില്ലേജ് ഓഫീസർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.