കോതമംഗലം: തിരക്കേറിയതും നിരവധി വാഹനങ്ങൾ തിരിഞ്ഞു പോകുന്നതുമായ വളവോടുകൂടിയ റോഡിന്റെ മധ്യത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് ആണ് ഇന്ന് ഭാരവാഹനം ഇടിച്ചു തകർത്തത്. കോട്ടപ്പടി, പിണ്ടിമന ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പലപ്പോളും അശാസ്ത്രീയമായി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് മൂലം അപകടത്തിന്റെ മുൻപിൽ നിന്നും പലപ്പോളും തലനാരിഴക്കാണ് രക്ഷപെട്ടിരുന്നത്. ഹൈമാക്സ് ലൈറ്റിൽ അപകട മുന്നറിയിപ്പ് നൽകുന്ന റിഫ്ലെക്ടറുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. പൊതുനിരത്തിലെ സുഗമമായ വാഹനഗതാഗതത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലായിരുന്ന ലൈറ്റ് സ്ഥാപിച്ചിരുന്നത്.
പെരുമ്പാവൂർ ഭാഗത്തുനിന്നും വന്ന ഭാരവാഹനത്തിന്റെ ഡ്രൈവർ സെൽവകുമാർ നിസ്സാര പരുക്കുകളോടുകൂടി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ സമീപം ഉണ്ടായിരുന്ന രണ്ട് കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റും ഹൈമാക്സ് ലൈറ്റ് ടവറും തകർന്നു റോഡിലേക്ക് വീണു. കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സിദ്ധീഖ് ഇസ്മായിൽ ഇബ്രാഹിം അനൂപ് ഹോംഗാർഡ് ജേക്കബ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.