കോതമംഗലം : കഴിഞ്ഞ ദിവസം യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. പെരുമ്പാവൂർ തുരുത്തിയിൽ കഴിഞ്ഞ ദിവസം നടന്ന നാടൻ ബോംബേറ് കേസിലെ പ്രതികൾ ആണ് കോതമംഗലം പാലമറ്റത്തു നിന്നും പോലീസ് സാഹസികമായി പിടികൂടുന്നത്. പ്രതികളെ കുറുപ്പുംപടി സി.ഐ മനോജിൻ്റെയും പെരുമ്പാവൂർ എസ്.ഐ റിൻസിൻ്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം വളരെ സാഹസികമായി കോതമംഗലത്ത് നിന്നാണ് പിടികൂടിയത്. കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടിൽ ലാലു (25), കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടിൽ ശ്യാം (33), വേങ്ങൂർ തുരുത്തി കാവിംകുടി വീട്ടിൽ വിഷ്ണു (24) വേങ്ങൂർ മുടക്കുഴ മറ്റേപ്പാടൻ വീട്ടിൽ ലിയോ (26) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സംഭവം നടന്ന മുടക്കുഴ ഗ്രാമപഞ്ചായത്ത് വക ഗ്രൗണ്ടിന് സമീപമുള്ള കൃഷ്ണവിലാസം അർജുൻ അരവിന്ദ് എന്ന യാളുടെ വീട്ടിലേയ്ക്ക് സ്ഫോടകവസ്തു ചിതറി തെറിച്ച് വീടിന് നാശനഷ്ടം സംഭവിച്ചിരുന്നു.ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണം. സംഭവസ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതികളാണിവർ.
കഴിഞ്ഞ 17 ന് പെരുമ്പാവൂരിലെ തുരുത്തിയിൽ വച്ച് എതിർ സംഘത്തിലെ യുവാവിനെ അനുരഞ്ജന ചർച്ചക്കെന്ന പേരിൽ വിളിച്ചു വരുത്തി നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു സംഘം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. തുടർന്ന് നാടുവിട്ട സംഘം പലയിടങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു. ഇവർ കോതമംഗലം പാലമറ്റത്തെ ഒരു റിസോർട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് സ്ഥലം വളയുകയായിരുന്നു. പ്രതികൾ ഇടുക്കിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. സംഘത്തിന്റെ കയ്യിൽ നിന്ന് മാരകായുധങ്ങളും നാടൻ ബോംബും കണ്ടെടുത്തു. പെരുമ്പാവൂർ ഡി.വൈ.എസ്‌പി ബിജുമോൻ, കുറുപ്പംപടി എസ്.എച്ച്.ഒ. കെ.ആർ.മനോജ്, എസ്‌ഐമാരായ റിൻസ്, രാജൻ, എഎസ്ഐ മാരായ പുഷ്പാംഗദൻ, മനോജ്, ഇസ്മയിൽ, സി.പി.ഒ മാരായ സെലിൻ, ബേസിൽ, മാഹിൻഷാ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.