കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പിണ്ടിമന നാടോടി കമ്മ്യൂണിറ്റി ഹാൾ പ്രതിഭാ കേന്ദ്രത്തിൽ അയൽപക്ക പഠന കേന്ദ്രവും വായനാശാലയും ആരംഭിച്ചു. അയൽപക്ക പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പാർശ്വവൽകൃത സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുന്നതിനാവശ്യമായ സാമൂഹികവും, സാംസ്കാരികവും,വിദ്യാഭ്യാസപരവുമായ പിന്തുണ നല്കുന്നതിനു വേണ്ടിയാണ് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. ഓൺലൈൻ പഠന സൗകര്യമുറപ്പാക്കുന്നതിന്റെ ഭാഗമായി നാടോടി പ്രതിഭാ കേന്ദ്രത്തിനു സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സിയിൽ നിന്ന് ടെലിവിഷൻ നൽകിയിരുന്നു. വായന ശാലയുടെ ഉദ്ഘാടനം പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ വാർഡ് മെമ്പർ ജലജ പൗലോസിന് പുസ്തകങ്ങൾ കൈമാറി കൊണ്ട് നിർവഹിച്ചു.
കോതമംഗലം ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ പി ജ്യോതിഷ് സ്വാഗതവും,കൺവീനർ എം വി കുര്യാക്കോസ് നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ മോളി ജോസഫ്,കൈറ്റ് കോ ഓർഡിനേറ്റർ എസ് എം അലിയാർ,പിണ്ടിമന ക്ലസ്റ്റർ കോ ഓർഡിനേറ്റർ എ ഇ ഷെമീദ,എസ് സി പ്രൊമോട്ടർ സിന്ധു ഷാജി,അംഗൻവാടി അധ്യാപിക ഷിജി എ കെ,വിദ്യാ വോളന്റിയർ ഷാലുമോൾ എ കെ,എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അനീഷ് തങ്കപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാതാപിതാക്കൾക്കായി ‘ഓൺലൈൻ പഠനത്തിൽ രക്ഷകർത്താക്കളുടെ പങ്ക് ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ്സ് ക്ലസ്റ്റർ കോ ഓർഡിനേറ്റർ എ ഇ ഷെമീദ നയിച്ചു.