കവളങ്ങാട് : ആലുവ കീഴ്മാടിലെ ചടങ്ങിൽ പങ്കെടുത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. നേര്യമംഗലം എട്ടാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 48 വയസുള്ള വീട്ടമ്മയുടെ രണ്ടു മക്കള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം ടൗണ്‍ ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. നേരത്തെതന്നെ നേരിയമംഗലം നോർത്ത് ഉൾപ്പെടുന്ന പതിനൊന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയി തുടരുന്നതിനൊപ്പമാണ് പുതിയതായി എട്ടാം വാർഡ് കൂടി ഉൾപ്പെടുന്നത്.
എട്ടാം വാർഡിലാണ് നേര്യമംഗലം ടൗൺ ഉൾപ്പെടുന്ന പ്രദേശമായതിനാൽ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടാതെ കടകമ്പോളങ്ങൾ അടച്ചിട്ടും അനാവശ്യ യാത്രകൾ അനുവദിക്കാതെയുമായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. രോഗവ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച്ച കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പൈങ്ങോട്ടൂർ പഞ്ചായത്തിലെ വാർഡ് 5 നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.