കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ മേഖലയിലെ ഈറ്റവെട്ട് – പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ബഹു:വ്യവസായ വകുപ്പ് മന്ത്രിക്കും,കേരള സ്‌റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ചെയർമാനും കത്ത് നൽകി. മണ്ഡലത്തിലെ കുട്ടമ്പുഴ, വടാട്ടുപാറ, മാമലക്കണ്ടം, പൂയംകുട്ടി തുടങ്ങിയ മേഖലകളിലേയും ഇളം ബ്ലാശ്ശേരിക്കുടി, വെള്ളാരംകുത്ത്, തല വെച്ചപ്പാറ, കുഞ്ചിപ്പാറ,ഉറിയം പെട്ടി തുടങ്ങിയ പതിനാറോളം ആദിവാസി കോളനികളിലെയും വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവന മാർഗ്ഗം കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷനു വേണ്ടി ഈറ്റ ശേഖരിക്കുകയും,പനമ്പ് നെയ്ത്തും തൊഴിലിലൂടെയാണ് നടന്നു വരുന്നത്.
കോർപ്പറേഷന്റെ പല ഡിപ്പോകളും ഫലപ്രദമായി പ്രവർത്തിക്കാത്തതും ഈറ്റയുടെ ലഭ്യത കുറവും ശേഖരിക്കുന്ന ഈറ്റയും നെയ്യുന്ന പനമ്പും യഥാ സമയം ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ഉണ്ടാകുന്ന കാല താമസം മൂലവും ഈ മേഖലയിലെ പരമ്പരാഗത തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എം എൽ എ കത്ത് നൽകിയത്.