കോതമംഗലം: മത സാമൂദായിക സാഹോദര്യത്തിൻ്റെ തനിമ നഷ്ടപ്പെടുത്തുവാൻ തയ്യാറാകാത്ത കോതമംഗലത്തെ ജനത ഒറ്റമനസ്സോടെ കൈകോർത്ത് രൂപീകരിച്ച മതമൈത്രി സംരക്ഷണ സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സംയുക്തമായി ഇടുക്കി എം പി അഡ്വക്കറ്റ് ഡീൻ കുര്യാക്കോസും, എംഎൽഎ ആന്റണി ജോണും ഭിന്നശേഷിക്കാർക്ക് കോതമംഗലം റോട്ടറി ക്ലബ്ബിന്റെ വക വീൽചെയറുകൾ വിതരണം ചെയ്തുകൊണ്ട് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലത്തെ വിവിധ രാഷ്ട്രീയ സാമൂദായിക നേതാക്കൾ ചേർന്ന് ഒരു വർഷം മുൻപ് രൂപം കൊടുത്തതാണ് മതമൈത്രി സംരക്ഷണ സമിതി. കോതമംഗലത്തിൻ്റെ പൊതു വികാരമായ മുത്തപ്പൻ പള്ളിയിൽ അവകാശമുന്നയിച്ച് കോട്ടയം മലങ്കര ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ മതമൈത്രി സംരക്ഷണ സമിതിയൊരുക്കിയ സംരക്ഷണ വലയം മറ്റ് നാടുകൾക്കും മാതൃകയായിരുന്നു. റിലേ സത്യാഗ്രഹമുൾപ്പെടെ വിവിധ സമരങ്ങൾക്കാണ് കോതമംഗലം ഇക്കാലത്തിനിടയ്ക്ക് സാക്ഷ്യം വഹിച്ചത്.
കാരുണ്യ സേവന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രജിസ്ട്രേഷനടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കി കൊണ്ടാണ് മതമൈത്രി സംരക്ഷണ സമിതി പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നത്. സമിതി ചെയർമാൻ എ.ജി ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസും, കോതമംഗലം എം.എൽ.എ ആൻ്റണി ജോണും ചേർന്നാണ് പുതിയ ഓഫീസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ജാതിമത ഭേദങ്ങളില്ലാതെ കോതമംഗലം ദേശത്തിന്റെ സമഗ്രമായ ജനകീയ കൂട്ടായ്മയാണ് മതമൈത്രി സംരക്ഷണ സമിതി എന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി പ്രസ്താവിച്ചു. മതമൈത്രി കേന്ദ്ര ഓഫീസ് ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാനും മുൻസിപ്പൽ വൈസ് ചെയർമാനുമായ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജേജു എം. ഐസക്, ഡോക്ടർ ലിസി ജോസ്, ചന്ദ്രലേഖ ശശിധരൻ, അഡ്വ.രാജേഷ് രാജൻ, പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണഞ്ചേരി, ഷമീർ പനക്കൽ, എ.ടി പൗലോസ്, പി. റ്റി ജോണി, പി. എ സോമൻ, അഡ്വ.മാത്യു ജോസഫ്, ജോർജ് ഇടപ്പാറ, എന്നിവർ പ്രസംഗിച്ചു. മാർ തോമാ ചെറിയ പള്ളി വികാരി. ഫാ. ജോസ് പരത്തുവയലിൽ നന്ദി പറഞ്ഞു. ഭാവിയിൽ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ മതമൈത്രി സംരക്ഷണ സമിതി വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.