കോതമംഗലം : പാമ്പുകളെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ നിരവധിയാണ്. പേടിപ്പെടുത്തുന്നതും, കൗതുകം ജനിപ്പിക്കുന്നതുമായ കെട്ടുകഥകളും അതിൽപ്പെടുന്നു. അങ്ങനെയുള്ള ഒരു പാമ്പിനെയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡും ഫോട്ടോഗ്രാഫറുമായ രാജീവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപത് വർഷത്തിന് മുകളിലായി കുട്ടമ്പുഴ പൂയംകുട്ടി വന മേഖലയിലും, പെരിയാറിന്റെ ഓളപ്പരപ്പിലും സജീവമായ രജീവ് ആദ്യമായാണ് ഇങ്ങനെയൊരു പാമ്പിനെ കാണുന്നത്. കേരളത്തിൽ കേട്ടുകേൾവി മാത്രമുള്ള പൂച്ച പാമ്പുകൾ (Forsten’s Cat Snake) അപൂർവ്വമായി മാത്രമേ മനുഷ്യരുടെ ദൃഷ്ടിയിൽ പതിയാറുള്ളു. പൂച്ചയുടെ കണ്ണിനോട് സാമ്യം തോന്നുന്ന കണ്ണ് ഉള്ളതുകൊണ്ടാകാം ഇവക്ക് ഈ വിളിപ്പേര് ലഭിച്ചിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ.
പൊതുവേ മരങ്ങളിലെ പൊത്തുകളിൽ വസിക്കുന്ന പൂച്ച പാമ്പുകൾ രാത്രികാലമാണ് പൊതുവേ ഇരതേടിയിറങ്ങാറുള്ളതെന്നും, പല്ലികൾ, പക്ഷികൾ, പക്ഷി മുട്ടകൾ, വവ്വാലുകൾ തുടങ്ങിയവെ ഭക്ഷിക്കുമെന്നും കരുതപ്പെടുന്നു. അസാമാന്യ നീട്ടമുള്ള മഞ്ഞ കലർന്ന തവിട്ടുനിറമുള്ള പൂച്ചക്കണ്ണൻ പാമ്പുകൾ മരങ്ങളിൽ ചുറ്റികിടക്കുമ്പോൾ തിരിച്ചറിയാൻ പറ്റാത്തതും ഇവയുടെ സവിശേഷതയാണ്. വാട്ടർ സ്നേക്ക് വിഭാഗത്തിൽ പെടുത്താവുന്ന പാമ്പാണോ എന്ന സംശയവും വിദഗ്ധർ പങ്കുവെക്കുന്നു.
തട്ടേക്കാടിൽ കാണപ്പെട്ട പൂച്ചക്കണ്ണൻ പാമ്പിനെ കുറിച്ച് ആധികാരികമായുള്ള രേഖപ്പെടുത്തലുകൾ കുറവായതും, ഇവയുടെ സ്പെസിമെൻ ലഭ്യമല്ലാത്തതും ഇവ പഴമക്കാർ പറയുന്ന രാത്രി സഞ്ചാരിയായ പൂച്ചക്കണ്ണൻ തന്നെയാണോ എന്ന് സ്ഥിതീകരിക്കുവാൻ വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ തയ്യാറാകുന്നുമില്ല. എന്നിരുന്നാൽ തന്നേയും ജീവിതത്തിൽ ആദ്യമായി പഴമക്കാർ പറഞ്ഞ വിശ്യരൂപത്തെ ദർശിക്കാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് തട്ടേക്കാട് സ്വദേശിയായ രജീവ്.
https://kothamangalamnews.com/brand-new-house-for-sale-kothamangalam-pidavoor-hamlet-homes.html