കോതമംഗലം : കോതമംഗലം താലൂക്കിൽ 83 പേർക്കു കൂടി പട്ടയം നൽകുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കുട്ടമ്പുഴ വില്ലേജ് 80,ഇരമല്ലൂർ വില്ലേജ് 2,നേര്യമംഗലം വില്ലേജ് 1 എന്നിങ്ങനെ 3 വില്ലേജുകളിൽ നിന്നുള്ള പട്ടയ അപേക്ഷകളാണ് ഇന്ന്(30/06/2020)നടന്ന ലാന്റ് അസൈൻമെന്റ് കമ്മിറ്റി അംഗീകരിച്ചത്. താലൂക്കിലെ പട്ടയ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ജനുവരി മാസം തന്നെ സർവ്വേ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും 280/ 11 ഉത്തരവ് നിലനിന്നിരുന്നതിനാൽ വീട് വയ്ക്കുന്നതിനാവശ്യമായ 15 സെൻ്റ് സ്ഥലത്തിന് മാത്രമേ പട്ടയം അനുവദിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഈ പ്രശ്നം പരിഹരിക്കുന്നതിനായി 280/ 11 ഉത്തരവ് ഭേതഗതി വരുത്തി 19/06/2020 ൽ 163/2020/റവ: എന്ന പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തു.
പുതിയ സർക്കാർ ഉത്തരവ് പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും ഹിൽ ട്രാക്ട് പ്രദേശങ്ങളിൽ 4 ഏക്കർ വരെയും പതിച്ച് നല്കുവാൻ കഴിയുമെന്നും,ഇത് കർഷകർക്ക് ഏറെ ആശ്വാസകരമായ നടപടിയാണെന്നും എംഎൽഎ പറഞ്ഞു.പുതിയ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങി വച്ച സർവ്വേ നടപടികൾ പൂർത്തീകരിച്ച് പട്ടയ വിതരണം വേഗത്തിലാക്കുവാൻ തീരുമാനമായതായും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.