കോതമംഗലം: കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ പരിധിയിൽ വരുന്നതും തരിശായി കിടക്കുന്നതുമായ 25 ഏക്കർ നെൽപ്പാടവും, 2.5 ഏക്കർ കരനെൽ കൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന പദ്ധതി ബാങ്ക് നടപ്പിലാക്കുന്നു. 36 കർഷകരുടെ പാടത്താണ് ബാങ്കിൻ്റെ സഹായത്തോടെ നെൽകൃഷി ചെയ്യുന്നത്. കൊഴിമറ്റം പാടശേഖരത്ത് ആന്റണി ജോൺ എംഎൽഎ വിത്ത് വിതച്ച് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. മുനിസിപ്പൽ കൗൺസിലർ ഹരി എൻ വൃന്ദാവൻ,കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഫീൽഡ് ഓഫീസർമാരായ സീനത്ത് ബീവി,സാജു ഇ പി,ഭരണ സമിതിയംഗങ്ങൾ,ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൃഷിക്ക് ആവശ്യമായ നിലമൊരുക്കൽ, വിത്ത് തുടങ്ങിയവ ബാങ്ക് സൗജന്യമായി നൽകുന്നത്. കൂടാതെ കൃഷിയുടെ പരിചരണത്തിന് അവശ്യമായ തുക പലിശരഹിത വായ്പയായും ബാങ്ക് അനുവദിക്കുന്നു. ആവശ്യമായ തൊഴിലാളികളുടെ ലഭ്യതയും ബാങ്ക് ഒരുക്കുന്നു. കൊയ്ത്തിന് ശേഷം നെല്ല് സംഭരിക്കുന്നതിനും ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡൻ്റ് അഡ്വക്കേറ്റ് വി എം ബിജുകുമാർ,സെക്രട്ടറി ഇ വി രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.