കോതമംഗലം: ജീവിത സായാഹ്നത്തിൽ ക്ഷേത്ര നടയിൽ അഭയം നേടിയ എൺപത് വയസ്സുകാരനായ കേശവൻ നായർക്ക് ഇനി കോതമംഗലം പീസ് വാലി തണലൊരുക്കും. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലാണ് വൃദ്ധന് തുണയായത്. കോതമംഗലം തങ്കളത്തിനു സമീപം കരിപ്പൻചിറ വന ദുർഗ്ഗാ ദേവി ക്ഷേത്രത്തിനോട് ചേർന്ന ഷെഡിൽ അഭയം തേടിയ ചെറുവട്ടൂർ സ്വദേശി കേശവൻ നായർക്കാണ് പീസ് വാലിയിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകിയത്.
തൊട്ടടുത്ത അങ്കണവാടിയിലെ ടീച്ചർ ആണ് നാളുകളായി ഭക്ഷണം നൽകിയിരുന്നത്.
പലദിവസങ്ങളിലും ഇതും ലഭിക്കാറില്ലായിരുന്നു. കാലവർഷം ആരംഭിച്ചതോടെ
മഴയിൽ കുതിർന്ന് ദയനീയ അവസ്ഥയിലാണ് കേശവൻ നായർ കഴിഞ്ഞിരുന്നത്. ചെറുവട്ടൂർ സ്വദേശിയായ കേശവൻ നായർ അവിവാഹിതനാണ്. വൃദ്ധന്റെ ദുരവസ്ഥ സമീപവാസികളിൽ നിന്നും അറിഞ്ഞ എം എൽ എ നെല്ലിക്കുഴി പീസ്‌വാലി അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുകയും വൃദ്ധന് അഭയം നൽകാൻ പീസ് വാലി സന്നദ്ധത അറിയിക്കുയും ചെയ്തു.
എം എൽ എ യുടെ നേതൃത്വത്തിൽ തഹസിൽദാർ ടി പി റേച്ചൽ, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ എന്നിവർ ക്ഷേത്ര പരിസരത്തെത്തി കേശവൻ നായരെ ഏറ്റെടുത്തു. പീസ് വാലിയിൽ എത്തിച്ച വൃദ്ധനെ കോവിഡ് പരിശോധനക്ക് വിധേയമാക്കി ലക്ഷണങ്ങൾ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് വാർഡിലേക്ക് എത്തിച്ചത്.