കോതമംഗലം: 2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ
കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് കൊല്ലം ജില്ലയിൽ -21 മരണം. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -9, കോഴിക്കോട് -9, പത്തനംതിട്ട -7, കണ്ണൂർ -7, മലപ്പുറം -4, ഇടുക്കി -3, വയനാട് -3, കോട്ടയം -2, കാസർഗോഡ് -1 എന്നിങ്ങനെയാണ് മരണ നിരക്ക്. ഒന്നേകാൽ വയസുള്ള പിഞ്ച് കുഞ്ഞുമുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവ് നായുടെ കടിയേറ്റ് മരണപ്പെട്ടു.
പത്ത് വയസിൽ താഴെയുള്ള 12 കുട്ടികൾ, 10 മുതൽ 20 വയസ് വരെയുള്ളവർ 9,
മുപ്പത് വരെ 6, 40 വരെ 17, 50 വരെ 24, 60 വരെ 27, 70 വരെ 15, 80 വരെ 4, 80 ന് മുകളിൽ പ്രായമുള്ളവർ 3 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ പ്രായം.
ആരോഗ്യ കേരളം ലോക മോഡൽ എന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95% ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നുള്ളത് അധികാരികൾ ചിന്തിക്കേണ്ടതാണ്.
തദ്ദേശ സ്വയം ഭരണ വകുപ്പിനെയാണ് ഈ കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് എങ്കിലും വകുപ്പിൻറ്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം പഞ്ചായത്ത് വകുപ്പിൽനിന്നോ, ദുരിതാശ്വാസ നിധിയിൽ നിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സ ചിലവിനും നഷ്ടപരിഹാരം നല്കുന്നില്ല. എന്നാൽ WP(C) 599/2016 കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ചതിൻ പ്രകാരം രൂപീകരിച്ച റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ കമ്മറ്റിയാണ് ചികിത്സക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നല്കിവന്നിരുന്നത്. എന്നാൽ സിരിജഗൻ കമ്മറ്റി തുടരണോ വേണ്ടയോ എന്ന് നിർദ്ദേശിക്കാതെ WP(C) 599/2016 കേസ് സുപ്രീം കോടതി തീർപ്പാക്കിയതിനാൽ കമ്മറ്റിയുടെ പ്രവർത്തനം നിലച്ചു.
പകരം കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ കടികിട്ടിയാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ തൊട്ടടുത്ത കർണാടകയിൽ തെരുവ് പട്ടികടിച്ച് മരണപ്പെട്ടാൽ സർക്കാർ 5 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.






















































