കോതമംഗലം: വന്യ ജീവികളാൽ നശിപ്പിക്കപ്പെട്ട കർഷകരുടെ നാണ്യ വിളകളുടെ നഷ്ട്ട പരിഹാരം കർഷകർക്ക് സർക്കാർ അടിയന്തിരമായി നൽകണമെന്ന് യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു പറഞ്ഞു. വന്യ ജീവി ശല്ല്യം കൊണ്ട് പൊറുതി മുട്ടിയ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർ ശിക്കുകയായിരുന്നു റോണി. നിലവിലെ സാഹചര്യത്തിൽ വന്യ മൃഗങ്ങളാൽ നശിപ്പിക്കപ്പെടുന്ന കൃഷിയുടെ വില നിർണയ സമിതിയിൽ വനം വകുപ്പ് മാത്രമാണുള്ളത്.
എന്നാൽ ഈ സമിതിയിൽ കൃഷി വകുപ്പിനെയും റവന്യു വകുപ്പിനെയും കൂടി ഉൾപെടുത്തിയെങ്കിൽ മാത്രമേ കർഷകർക്ക് യഥാർത്ഥ മൂല്യം ലഭിക്കുകയുള്ളൂവെന്നും കൂടാതെ നാണ്യ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.വാഹന അപകടങ്ങളിൽ നഷ്ട പരിഹാര തുകക്കുള്ള MACT ACT പോലെ തത്തുല്യമായ ആക്ട് കർഷകരുടെ പരിരക്ഷക്ക് കൊണ്ട് വരണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
കൂടാതെ വനാതർത്തികളോട് ചേർന്നുള്ള വില്ലേജുകളിൽ വില്ലേജ് ഓഫിസറുടെ നേത്രത്വത്തിൽ 25ൽ കുറയാത്ത ചെറുപ്പക്കാർക്ക് ഷൂട്ടിംഗ് പരിശീലനം നൽകുകയും തോക്കുകൾ നൽകിക്കൊണ്ട് കർഷക രക്ഷക്ക് പ്രയോജനപ്പെടുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും റോണി മാത്യു ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ജെസൽ വർഗീസ്, സംസ്ഥാന ഭാരവാഹികളായ ബിനിൽ ജോൺ, ജോമി എബ്രഹാം, നിബ്ബാസ് ഇബ്രാഹിം, കോട്ടപ്പടി പഞ്ചായത്ത് അംഗം സണ്ണി വര്ഗീസ് എന്നിവരും കൂടെ ഉണ്ടായിരുന്നു.