കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാന്റിനകത്തു പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടും, ഷീ ടോയ്‌ലെറ്റ് തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കംഫർട്ട് സ്റ്റേഷന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
കോതമംഗലം നഗരസഭാ മുൻ വൈസ് ചെയർമാൻ ശ്രീ. പ്രിൻസ് വർക്കി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പോക്സോ കേസിൽ ആരോപണ വിധേയനായി ജയിലിൽ കഴിയുന്ന മുൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.വി തോമസിന്റെ മകന്റെ പേരിൽ ചട്ടങ്ങൾ ലംഘിച്ചു നൽകിയ നിർമ്മാണ കരാറുകൾ ഉൾപ്പടെ അന്വേഷണ വിധേയമാക്കണമെന്ന് പ്രിൻസ് വർക്കി ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് എൻ ഡാനിയൽ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, റമീസ് കെ.എ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റഫീഖ്, മേഘാ ഷിബു എന്നിവർ പ്രസംഗിച്ചു. വിൽസൺ പിണ്ടിമന, ജഹാസ് ഹസ്സൻ, അജ്നാസ് ബാബു, എബിൻ ചേട്ടിയാംകുടിയിൽ, ബേസിൽ കുരിശിങ്കൽ, ബേസിൽ എൽദോസ് തുടങ്ങിയവർ സംബന്ധിച്ചു.
