- ഷാനു പൗലോസ്
കോതമംഗലം: പള്ളി സ്ഥാപന കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസത്തിൽ നിലനിൽക്കുന്ന മാർ തോമ ചെറിയ പള്ളി പിടിച്ചെടുത്ത് പള്ളിയിലും പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും അധികാരം സ്ഥാപിക്കാൻ കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് സഭ പിടിമുറുക്കുന്നു. ഇതിന്റെ ഭാഗമായി 2019 ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 9ന് പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് പള്ളിയിൽ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണ അനുമതി നൽകിയത്. അതേ സമയം ഇത്തവണ റമ്പാനൊഴികെ അദ്ധേഹത്തിന് കൂടെ പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് പോലും പോലീസ് സംരക്ഷണം ലഭിക്കില്ല. ചെറിയ പള്ളിയിൽ മറ്റ് സ്ഥലങ്ങളിലെ ചില വ്യക്തികൾ റമ്പാനൊപ്പം വരുമെന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് പള്ളി ഭരണ സമിതി ചൂണ്ടിക്കാട്ടിയപ്പോഴാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. റമ്പാന് മാത്രം ലഭിച്ച പോലീസ് സംരക്ഷണത്തിന്റെ മറവിൽ പള്ളിയിൽ പ്രശ്നമുണ്ടാക്കാൻ വരുന്നവരെ നിരീക്ഷിക്കാൻ തന്നെയാണ് യുവജന സംഘടനകളുടെയും തീരുമാനം.
വിശ്വാസികൾ ആരാധന നടത്തികൊണ്ടിരുന്നതിനാൽ മുൻപ് പോലീസ് പ്രൊട്ടക്ഷനുമായി വന്ന റമ്പാന് പ്രവേശിക്കുവാൻ കഴിഞ്ഞിരുന്നില്ല. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരുക്കിയ സംരക്ഷണത്തോടെയായിരുന്നു അന്നേദിനം പള്ളിയിൽ വന്നിരുന്നത്. ആയിരക്കണക്കിന് വിശ്വാസികളെ തല്ലിയിറക്കി ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച് കൊണ്ടുള്ള ഒരു നടപടി എടുക്കാൻ പോലീസ് തയ്യാറാകാത്തതും പള്ളിയിൽ പ്രവേശിക്കുന്നത് സാധ്യമല്ലാതായി. പിന്നീട് റമ്പാൻ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ട് ദിവസം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടനുസരിച്ച് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. രണ്ട് ദിവസങ്ങളിലും റമ്പാൻ പള്ളിയിൽ എത്തിയതുമില്ല. അതിന് ശേഷം സ്ഥിതിഗതികൾ ഏറെക്കുറെ ശാന്തമായിരുന്നു. ഇക്കഴിഞ്ഞ കന്നിപ്പെരുന്നാളിന് മുന്നോടിയായി നടത്തപ്പെട്ട ചക്കാലക്കുടി ചാപ്പൽ പെരുന്നാൾ ദിനത്തിൽ ചെറിയ പള്ളിയിൽ നിന്ന് ചക്കാലക്കുടിയിലേക്ക് പ്രദക്ഷിണം ഇറങ്ങുന്ന സമയത്ത് തോമസ് പോൾ റമ്പാനും മൂന്ന് പേരും പള്ളിമുറ്റത്തേക്ക് കാറിലെത്തി. പ്രദക്ഷിണത്തിലേക്ക് കാറോടിച്ച് കയറ്റിയെന്നാരോപിച്ച് വിശ്വാസികളും റമ്പാനുമായി വാക്കേറ്റമായി. പോലീസ് ഇടപെട്ട് റമ്പാനെയും സംഘത്തെയും മടക്കി വിട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.
യാക്കോബായ സുറിയാനി സഭയിൽ നിന്ന് വിഘടിച്ച് പോയി മറ്റൊരു വിശ്വാസരീതി പിന്തുടരുന്ന പത്ത് വീട്ടുകാർക്കായി പള്ളിയിലെ അനുഷ്ഠാനങ്ങൾ മാറ്റപ്പെട്ടാൽ ഇടവകയിലെ മഹാഭൂരിപക്ഷം വിശ്വാസികളുടെ ആത്മീയപരമായ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് സാധ്യമല്ലാതാകും. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. പതിനായിരത്തോളം വരുന്ന വിശ്വാസികളാണ് ഈ വിധി പ്രകാരം ചെറിയ പള്ളിയിൽ നിന്ന് തങ്ങളുടെ വിശ്വാസവും ഇടവക പള്ളിയും നഷ്ടപ്പെട്ട് പുറത്തിറങ്ങേണ്ടതായ അവസ്ഥയിൽ എത്തിച്ചേരുക. ചെറിയ പള്ളിയിൽ പ്രശ്നങ്ങളുണ്ടാക്കി സാമൂദായിക അന്തരീക്ഷം താറുമാറാക്കുന്ന നിലപാടുകളോട് കോതമംഗലത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിരാണ്. കോതമംഗലത്തെ ഇതര മതസ്ഥരും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പള്ളിയിൽ ചേർന്ന സർവ്വ കക്ഷി യോഗവും ചെറിയ പള്ളി കലാപഭൂമിയാക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. എന്ത് വില കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന നിലപാടിലാണ് വിശ്വാസികളും.
You must be logged in to post a comment Login