ബെയ്റൂട്ട് : യാക്കോബായ സുറിയാനി സഭയില്‍ രണ്ട് മെത്രാപ്പോലീത്തന്മാര്‍ നവാഭിഷിക്തരായി. മര്‍ക്കോസ് ചെമ്പകശ്ശേരില്‍ റമ്പാനെ മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറോസ് എന്ന നാമധേയത്തിലും കുറ്റിപറിച്ചേല്‍ ഗീവര്‍ഗീസ് റമ്പാനെ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് എന്ന നാമധേയത്തിലും ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ലബനോനിലെ പാത്രിയര്‍ക്ക ആസ്ഥാനത്തുള്ള സെന്റ് മേരീസ് ചാപ്പലില്‍ വെച്ച് മെത്രാപ്പോലീത്തന്മാരായി വാഴിച്ചു. ബുധൻ ഇന്ത്യന്‍ സമയം 11.30 ന് ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെയും മറ്റു മെത്രാപ്പോലീത്തമാരെയും വിശ്വാസിസമൂഹം പ്രദക്ഷിണമായാണു ചാപ്പലിലേയ്ക്കു ആനയിച്ചത്. നിയുക്ത മെത്രാന്‍ സ്ഥാനികളെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് എന്നിവര്‍ അനുധാവനം ചെയ്തു. നിയുക്ത മെത്രാപ്പോലീത്തന്മാരുടെ ബന്ധുക്കള്‍ക്കു പുറമെ അമേരിക്ക, യു.കെ., ഷാര്‍ജാ, ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലായി 350 പ്രതിനിധികള്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.
യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, എല്‍ദോ മോര്‍ തീത്തോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ്, ആയൂബ് മോര്‍ സില്‍വാനിയോസ്, യാക്കോബ് മോര്‍ അന്തോണിയോസ്, കുര്യാക്കോസ് മോര്‍ ക്ലീമിസ്, സഖറിയാസ് മോര്‍ പീലക്‌സീനോസ്, ഏലിയാസ് മോര്‍ യൂലിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്തന്മാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 മെത്രാപ്പോലീത്തന്മാരും ശുശ്രൂഷയില്‍ സംബന്ധിച്ചു.
വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് സ്ലീബ പെരുന്നാള്‍ ശുശ്രൂഷയ്ക്ക് ശേഷമായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷകള്‍ ആരംഭിച്ചത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന മെത്രാന്‍ സ്ഥാനികളുടെ ശിരസ്സില്‍ വിശുദ്ധ വേദപുസ്തകം വച്ച് വായിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുമ്പാകെ വിശ്വാസം ഏറ്റുപറഞ്ഞ് ഉടമ്പടി ചെയ്തു. തുടര്‍ന്ന് മെത്രാഭിഷേക ശുശ്രൂഷയുടെ പ്രധാന ചടങ്ങായ പരിശുദ്ധാത്മാവിന്റെ നല്‍വരം ലഭിക്കുവാനുള്ള പ്രാര്‍ത്ഥന നടന്നു. പ്രധാന കാര്‍മ്മികന്‍ നിയുക്ത മെത്രാന്മാരെ തന്റെ അംശവസ്ത്രത്തിനുള്ളില്‍ അണച്ചുപിടിച്ചു അഭിഷേകം നടത്തി പേര്‍ചൊല്ലി വിളിച്ചു. തുടര്‍ന്നു സ്ഥാനചിഹ്‌നങ്ങളായ അംശംവസ്ത്രം ധരിപ്പിച്ചു വലതുകൈയ്യില്‍ സ്ലീബ നല്‍കി. തുടര്‍ന്ന് സിംഹാസനത്തില്‍ ഇരുത്തി വൈദികര്‍ ഉയര്‍ത്തി ‘ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയില്‍ ആടുകള്‍ക്കുവേണ്ടി തന്റെ ജീവനെ കൊടുക്കും’ എന്ന വേദഭാഗം വായിച്ചു. ഈ സമയം നവാഭിഷിക്തരായ മെത്രാപ്പോലീത്തന്മാര്‍ വിശ്വാസികളെ അനുഗ്രഹിച്ചു. വിശ്വാസികള്‍ ‘ഇവന്‍ യോഗ്യന്‍’ എന്ന അര്‍ത്ഥമുള്ള ഓസ്‌കിയോസ്, ഓസ്‌കിയോസ് എന്ന് പ്രതിവാക്യമായി ചൊല്ലി. തുടര്‍ന്ന് പുതിയ മെത്രാപ്പോലീത്തന്മാര്‍ക്ക് അംശവടിയും നല്‍കി.
ശുശ്രൂഷകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിശിഷ്ടാതിഥികളായ 350 പേര്‍ക്ക് പാത്രിയര്‍ക്കീസ് ബാവ വിരുന്നൊരുക്കിയിരുന്നു. മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരമ്പുഴയില്‍, യാക്കോബായ സഭ മുന്‍ ജോയിന്റ് സെക്രട്ടറി കെ.പി. തോമസ്, കമാണ്ടര്‍ അലക്‌സാണ്ടര്‍ തോമസ്, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം സാബു പട്ടശേരില്‍ എന്നിവര്‍ സംബന്ധിച്ചു. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മലബാര്‍ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ചുമതല വഹിക്കും. മര്‍ക്കോസ് മോര്‍ ക്രിസ്‌റ്റോഫോറോസ് പാത്രിയര്‍ക്കേറ്റില്‍ മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായും തുടരും. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് നാളെയും മര്‍ക്കോസ് മോര്‍ ക്രിസേ്റ്റാഫോറോസ് 17 നും കൊച്ചിയില്‍ എത്തും.
വന്ദ്യ മര്‍ക്കോസ് റമ്പാന്‍ (56)
കോതമംഗലം നീണ്ടപാറ ചെമ്പകശ്ശേരില്‍ പരേതനായ ഏബ്രഹാമിന്റെയും ഏലിയാമ്മയുടെയും
രണ്ടാമത്തെ പുത്രനാണ്. ചെമ്പന്‍കുഴി സെൻ്റ് ജോണ്‍സ് പള്ളിയാണ് മാതൃ ഇടവക. ചെമ്പന്‍കുഴി, ഊന്നുകല്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പാസ്സായി. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ് വിജയകരമായി പൂര്‍ത്തീകരിച്ചു. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു. കോതമംഗലം മൗണ്ട് സീനായ് അരമന കത്തീഡ്രലില്‍ വച്ച് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയില്‍ നിന്നും ശെമ്മാശ്ശ പട്ടം നല്‍കി. കെ.എസ്.ഇ.ബി യില്‍ നിയമനം ലഭിച്ചതിനെ തുടര്‍ന്ന് വളരെ കുറച്ചുകാലം ഇവിടെ ജോലി ചെയ്തു. തുടര്‍ന്ന് ഷാര്‍ജയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ യുടെ മലങ്കര കാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വെട്ടിക്കല്‍ സെമിനാരിയില്‍ നിന്നും വൈദിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായാണ് 2010 നവംബര്‍ 21 ന് ഡമാസ്‌കസില്‍ വച്ച് പൗരോഹിത്യ സ്ഥാനം നല്‍കി. മച്ചിപ്ലാവ് ഇടവക വികാരിയായും വാളറ പള്ളിയില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. വീണ്ടും പരിശുദ്ധ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. മൂവാറ്റുപുഴ കടാതി ആഞ്ഞിലത്തറയില്‍ സാജുവിന്റെ ഭാര്യ ജെസി, നേര്യമംഗലം മാറാച്ചേരി പുത്തയത്ത് കുര്യാക്കോസിന്റെ ഭാര്യ ജിജി, വെള്ളിക്കുളം പാണ്ടാലില്‍ ജോയ്‌സണ്‍ ഭാര്യ ജിനി എന്നിവര്‍ സഹോദരിമാര്‍. മൂത്ത സഹോദരന്‍ ജോര്‍ജ്ജ്.
വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍ (44)
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തിലെ മാടക്കരയില്‍ പാലാക്കുനി ഗ്രാമത്തില്‍ കുറ്റിപറിച്ചേല്‍ കെ.സി. യോഹന്നാന്റെയും കെ.ഒ. അന്നമ്മയുടെയും നാലു മക്കളില്‍ ഇളയവനായി 1978 ഫെബ്രുവരി 8 ന് ജനിച്ചു. സൂസന്‍, ഷാജി, കുര്യാച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോളിയാടി എ.യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അമ്പലവയല്‍ ഗവണ്‍മെൻ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പഠനം. സുല്‍ത്താന്‍ ബത്തേരി സെൻ്റ് മേരീസ് കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം. മുളന്തുരുത്തി വെട്ടിക്കല്‍ എം.എസ്.ഒ.റ്റി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം. ബാംഗ്ലൂര്‍, ജര്‍മ്മനി എന്നിവടങ്ങളില്‍ തുടര്‍ പഠനം. മാതൃ ഇടവക മലബാറിലെ ആദ്യത്തെ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയാണ്. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലകസീനോസ് വലിയ തിരുേമനിയില്‍ 2002 മെയ് 7 ന് കോറൂയോ, യൗഫ്ദയ്ക്‌നോ പട്ടങ്ങളും 2003 ഓഗസ്റ്റ് 7 ന് മ്ശംശോനോ, കശീശ്ശാ സ്ഥാനങ്ങളും സ്വീകരിച്ചു.
മലബാറിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചു. തോട്ടമൂല സെൻ്റ് കുര്യാക്കോസ്, കല്ലറ സെന്റ് ജോര്‍ജ്, എഴിപ്പുറം സെന്റ് ജോര്‍ജ് ചാപ്പല്‍, ഫ്‌ളോറിഡ സെന്റ് മേരീസ്, കൊറ്റാട് സെന്റ് മേരീസ്, തൃക്കൈപ്പറ്റ സെന്റ് തോമസ്, പെരിയ സെൻ്റ് ജോര്‍ജ്, പയ്യമ്പിള്ളി സെൻ്റ് ജോണ്‍സ്, സെന്റ് അപ്രേം സെമിനാരി (എ.എസ്.ഒ.റ്റി സെമിനാരി) ചാപ്പല്‍, ചെറ്റപ്പാലം സെൻ്റ് മേരീസ്, മാനന്തവാടി സെന്റ് ജോര്‍ജ്, മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്, ചീങ്ങേരി സെൻ്റ് മേരീസ്, ചീയമ്പം മോര്‍ ബേസില്‍, കല്ലുമുക്ക് സെൻ്റ് ജോര്‍ജ്, മൂലങ്കാവ് സെന്റ് ജോണ്‍സ്, ആസ്‌ട്രേലിയ സെൻ്റ് പീറ്റേഴ്‌സ് എന്നീ ഇടവകയില്‍ ശുശ്രൂഷ ചെയ്തു. കര്‍മ്മ മണ്ഡലങ്ങള്‍ വൈദീക സെമിനാരി വാര്‍ഡന്‍, അദ്ധ്യാപകന്‍, നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ അരമന മാനേജര്‍, മെത്രാപ്പോലീത്തായുടെ സെക്രട്ടറി, മലബാര്‍ ഭദ്രാസനത്തിൻ്റെ അരമന അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ അംഗം, കുടുംബ യൂണിറ്റുകളുടെ കോര്‍ഡിനേറ്റര്‍, മന്ന ഡയറക്ടര്‍, എം.ജെ.എസ്.എസ്.എ. മലബാര്‍ ഭദ്രാസന വൈസ് പ്രസിഡൻ്റ്, കോഴിക്കോട് കൃപാലയം ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചു. അച്ചന്റെ നേതൃത്വത്തില്‍ വയനാട്, എറണാകുളം ജില്ലകളിലായി 50 വീടുകളാണ് ഇതിനകം പണിതു നല്‍കിയത്. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 2018 ലെ പ്രളയത്തില്‍ വീടു നഷ്ടമായ 35 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഷെഡുകളും നിര്‍മ്മിച്ചു നല്‍കി. കാന്‍സര്‍ രോഗികളെ ആശ്വസിപ്പിക്കാന്‍ അണിചേരാം എന്ന പദ്ധതിയിലൂടെ 27 ലക്ഷം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. കിഡ്‌നി രോഗികള്‍ക്കുള്ള ചികിത്സാ സഹായമായി ഇതിനകം 56 ലക്ഷം രൂപ സ്വരൂപിച്ച് നല്‍കി. നിര്‍ധന യുവതികളുടെ വിവാഹത്തിനായി 18 ലക്ഷം രൂപയും ചെലവഴിച്ചു. കൂട് എന്ന പദ്ധതിയിലൂടെ വസ്ത്ര വിതരണം, കുടിവെള്ളം എത്തിക്കല്‍, മെഡിക്കല്‍ ക്യാംപുകള്‍, ആശുപത്രികളില്‍ ഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. 5 കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അച്ചന്റെ നേതൃത്വത്തില്‍ നടന്നത്.
2016ല്‍ തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ ഹയറുന്നീസയ്ക്ക് തന്റെ കിഡ്‌നി ദാനം ചെയ്ത ഫാ. ഷിബു മാതൃകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല നടപ്പാക്കുന്ന രക്തദാന നേത്രദാന ജീവകാരുണ്യ പദ്ധതിയായ ജ്യോതിര്‍ഗമയയുടെ സഹ രക്ഷാധികാരിയാണ്. 16 ഗ്രന്ഥങ്ങളുടെ രചിതാവാണ്. വിശുദ്ധ വിചാരങ്ങള്‍, ഉള്‍ക്കാഴ്ചയുടെ ഉറവിടം, ചിരിയുടെ ചിരാതുകള്‍, തിരിച്ചറിവിന്റെ തിരിനാളങ്ങള്‍, മഴനീരും മിഴിനീരും, കരുണയുടെ ഹൃദയതാളം, അറിയാനും അറിവേകാനും, മനസ്സ് മലിനമാകാതിരിക്കാന്‍, ഗുരുമൊഴികള്‍, ജീവിതമാകുന്ന കലയും ഞാനാകുന്ന കലാകാരനും, ആടുന്ന കൊമ്പിലെ പാടുന്ന പക്ഷി, വചനവയല്‍, മണിയറയും മണ്ണറയും മനുഷ്യജീവിതത്തില്‍, കരുണയുടെ കാവല്‍ മാലാഖ, ഒന്നുവീതം രണ്ടുനേരം, മണ്ണില്‍ എഴുതുന്നവനും മനസ്സില്‍ എഴുതുന്നവരും എന്നീ ഗ്രന്ഥങ്ങളുടെ രചിതാവാണ്. 19-05-2017 ന് സ്വീഡനിലെ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.