കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ്. ഇത് ഒരു വൈദികന്റെ വീടാണ്. കുറച്ചുകാലമായി ഇവിടെ ആൾതാമസമില്ല. പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം കോതമംഗലത്ത് കുറുപ്പംപടി എന്ന സ്ഥലത്ത് നിന്ന് സ്ത്രീയെ കാണാതായെന്ന മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർക്കും 60 വയസ്സാണ് പ്രായം. ഈ കേസിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രദേശവാസികളാണ് ദുർഗന്ധം വരുന്നെന്ന് പൊലീസിൽ അറിയിച്ചത്. തുടർനടപടികളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.
