കോതമംഗലം : താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യവും, കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം എൽ എ ആന്റണി ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അടിയന്തിര യോഗം ഇന്ന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. വർദ്ധിച്ചുവരുന്ന കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം കണക്കിലെടുത്ത് സ്ഥലം എം പി യുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ കോതമംഗലം എം.എൽ. എ, കോതമംഗലം താലൂക്കിലെ കുട്ടുമ്പുഴ, പിണ്ടിമന, കോട്ടപ്പടി, കീരംപാറ, കവളങ്ങാട് എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, മലയാറ്റൂർ ഡി എഫ് ഒ, കോതമംഗലം ആർ.ഡി.ഒ., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. വന്യമൃഗങ്ങളുടെ അക്രമങ്ങൾ വഴി ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും, അവയെ തടയുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഈ കഴിഞ്ഞ ഞായറാഴ്ച കോട്ടപ്പടി പഞ്ചായത്തിലെ പുരയിടത്തിൽ ഉണ്ടായ സംഭവം വളരെ നിർഭാഗ്യകരമാണ്. ഇനിയും ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കുവാൻ പാടില്ലാത്തതും ഉടനടി പരിഹരിക്കപ്പെടേണ്ടതുമാണ്, അതിനു വേണ്ടി യുള്ള ചർച്ചയാണ് ഇന്ന് നടന്നിട്ടുള്ളത്.
യോഗ തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
1. എല്ലാ പഞ്ചായത്തിലും ജനജാഗ്രത സമിതി ഒരാഴ്ചയ്ക്കകം വിളിച്ചു കൂട്ടുവാനും ഉം ജാഗ്രതാസമിതി വഴി ഉം കാട്ടാന ശല്യത്തിൽ നിന്നും രക്ഷനേടുവാൻ ഉള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിനും ആ മാർഗ്ഗങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള പ്രൊപ്പോസലുകൾ എത്രയും പെട്ടെന്ന് സർക്കാരിലേക്ക് സമർപ്പിക്കുമെന്നും തീരുമാനിച്ചു
2. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി നിലവിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള രക്ഷാമാർഗങ്ങളുടെ മെയിൻ്റനൻസ് ഇനിയും എവിടെയെങ്കിലും കഴിയുവാൻ ഉണ്ടെങ്കിൽ അവ ഉടനടി പൂർത്തീകരിക്കമെന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് യോഗത്തിൽ ഉറപ്പ് നൽകി
3. വന്യമൃഗങ്ങൾ കടന്നു വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ലൈറ്റും മറ്റ് അനുബന്ധ ഇൻഡിക്കേഷനുകളും സ്ഥാപിക്കുന്നതിനുവേണ്ടി യോഗത്തിൽ തീരുമാനിച്ചു.
4. വന്യമൃഗ അക്രമണത്തിൽ ഉണ്ടായ കൃഷിനാശങ്ങൾക്ക് സ്ഥല ഉടമസ്ഥർക്ക് ഉടനടി സർക്കാരിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.
5. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് മായി ബന്ധപ്പെട്ട് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ രണ്ട് ആഴ്ചയ്ക്ക്കത്ത് മുറിച്ചു മാറ്റണമെന്നും അതു പോലെ ടെൻഡർ ചെയ്തു മുറിച്ചുമാറ്റേണ്ട മരങ്ങൾ രണ്ടുമാസത്തിനകം മുറിച്ചു മാറ്റും എന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് യോഗത്തിൽ ഉറപ്പ് നൽകി
6. അടിക്കടിയുണ്ടാകുന്ന കാട്ടാനശല്യങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടുമാസത്തിലൊരിക്കൽ റിവ്യൂ മീറ്റിങ്ങ് കൂടുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.