കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും മറ്റു ബന്ധുക്കളുടെയും വിലാപം മനസില്‍ വേദനയുടെ കനലായി ഇപ്പോഴും എരിയുന്നു. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ആശുപത്രിയില്‍ കുടുംബത്തോടൊപ്പംനിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ എല്ലാസഹായവും നല്‍കിയാതായി മന്ത്രി പറഞ്ഞു . അതോടൊപ്പം അടിയന്തര സഹായമായി കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി. കാട്ടാനയുടെ ആക്രമണമുണ്ടായ കാഞ്ഞിരവേലിയില്‍ ഫെന്‍സിങ് നടത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഇതിന്റെ പണി തുടങ്ങും. മേഖലയില്‍ പട്രോളിങ് ആരംഭിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ കടന്നു കയറ്റം ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 1972 ലെ വനം വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്യജീവികളുടെ ആക്രമണത്തെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണങ്ങളുണ്ട്.
കേന്ദ്ര സര്‍ക്കാരും ചില മൃഗസ്നേഹികളും സംഘടനകളും കൂടി ഒത്തു ചേര്‍ന്നതോടെ കൃഷിയിടങ്ങളില്‍ കടന്നു കയറുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. കൃഷിയിടങ്ങളില്‍ എത്തിച്ചേരുന്ന കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുന്നതിന് നല്‍കിയിട്ടുള്ള അനുമതി കൂടുതല്‍ ലഘൂകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണന്നും മന്ത്രി പറഞ്ഞു.