കോതമംഗലം: നീണ്ടപാറയില്‍ കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്നു നാട്ടുകാര്‍ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നീണ്ടപാറ പള്ളിപ്പടി, ഡബിള്‍ കുരിശ് ഭാഗത്ത് ആനകള്‍ വ്യാപക നാശമാണ് ഉണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി ഇറങ്ങിയ ആന ഇന്നലെ രാവിലെ ഇടുക്കി റോഡ് വഴിയാണു പോയത്. ഇതുവഴി പോയ ജയിംസ് കോയിക്കക്കുടി, മേരി പൊട്ടനാനിയില്‍ എന്നിവര്‍ തലനാരിഴയ്ക്കാണ് ആനയില്‍ നിന്നു രക്ഷപ്പെട്ടത്. ഏക്കര്‍ കണക്കിന് ഭൂമി യിലെ മുഴുവന്‍ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
ഇന്ന് വെളുപ്പിന് പാലുമായി പോയ ഒരു വീട്ടമ്മ കാട്ടാനയുടെ മുമ്പില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആനകളെ തുരത്താന്‍ ആര്‍ആര്‍ടിയെ നിയോഗിക്കുമെന്നും ജനകീയ കമ്മിറ്റി ചേരാമെന്നും ഉറപ്പു ലഭിച്ചതോടെയാണു നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, സൈജന്റ് ചാക്കോ, പഞ്ചായത്ത് അംഗം സന്ധ്യ ജെയ്സണ്‍, ഫാ. ബേസില്‍ ജേക്കബ് പ്ലാലില്‍, ജയ്മോന് ജോസ്, ഫ്രാങ്കോ ജയിംസ് ജോസഫ്, ജെയ്സണ്‍ മാത്യു, ബേസില്‍ കുന്നപ്പിള്ളില്‍, മാര്ട്ടിന് ചിറയ്ക്കല്‍, തോമസ് പറങ്കിമാലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
