കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ ജില്ലാ കളക്ടര്‍ എത്തി കാട്ടാന ശല്യം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷാദൗത്യം ആരംഭിച്ചത്.ശനിയാഴ്ച കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസുള്ള കൊമ്പനെയാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പറഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെയാണ് രാവിലെ രക്ഷാദൗത്യം തടസപ്പെട്ടത്.
