കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ എട്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്.തട്ടേക്കാട്, ഇഞ്ചത്തൊട്ടി, ഭൂതത്താൻകെട്ട് വനങ്ങളിൽ നിന്നാണ് ആനകൾ കീരമ്പാറ പഞ്ചായത്തിലേക്ക് എത്തുന്നത്. പെരിയാർ നീന്തി കടന്നാണ് ആനകളുടെ സഞ്ചാരം.
ഒരു പറ്റം ആനകൾ ചേലമല വനത്തിൽ തമ്പടിച്ചിട്ടുമുണ്ട്. ആനകൾ ജനവാസ മേഖലകളിൽ നിരന്തരം ഭീക്ഷണിയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമെ ജനങ്ങൾക്കുനേരെയും ആനകളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്.തട്ടേക്കാട് – പുന്നേക്കാട് റോഡിലെ വാഹനയാത്രയും ആന ഭീക്ഷണിയുടെ നിഴലിലാണ്. ഏതാനും വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിനെതിരെയുള്ള ജനവികാരം ശക്തമായതോടെയാണ് ഫെൻസിംഗ് നിർമ്മിക്കാൻ വനം വകുപ്പ് തയ്യാറായത്. ശാശ്വത പരിഹാരമാകില്ലെങ്കിലും കുറച്ചെങ്കിലും ആശ്വാസമാകുമെന്നാണ് ജനകളുടെയും ജനപ്രതിനിധികളുടേയും വിശ്വാസം.



























































