കോതമംഗലം – കോതമംഗലം, കോട്ടപ്പടിയിൽ വീടിനു നേരേ കാട്ടാനയാക്രമണം; ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാർഷിക വിളകൾക്കും നാശനഷ്ടം. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലാണ് ഇന്ന് വെളുപ്പിനെ നാലു മണിയോടെയാണ് കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ എത്തിയത്. അതിരമ്പുഴ പോളിൻ്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഉണർന്ന പോൾ പുറത്തെ ലൈറ്റിൻ്റെ സ്വിച്ചിട്ട് മുൻവശത്തെ കതക് തുറന്നപ്പോഴേക്കും ആന സമീപത്ത് എത്തിയിരുന്നു. പൊടുന്നനെ അക്രമാസക്തനായ കാട്ടുകൊമ്പൻ തല കുലുക്കി വീടിൻ്റെ ജനലിന് നേരെ പാഞ്ഞടുത്ത് ജനൽ പാളിയുടെ ചില്ലുകൾ കുത്തിപ്പൊട്ടിക്കുകയായിരുന്നു. തുമ്പിക്കൈയുടെ പാട് ഭിത്തിയിൽ പതിഞ്ഞു കിടപ്പുണ്ട്.
തുടർന്ന് കൃഷിയിടത്തിലിറങ്ങി വാഴകളും, കമുകുകളും, ജാതി തൈകളും, കച്ചോല കണ്ടങ്ങളും ചവിട്ടിമെതിച്ചു. തൊട്ടുത്ത് താമസിക്കുന്ന സഹോദരൻ്റെ പുരയിടത്തിലെ കൃഷികൾക്കും നാശം വരുത്തിയിട്ടുണ്ട്.ആനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും വീട്ടുമയും, പ്രദേശവാസികളും ആവശ്യപ്പെട്ടു.
