കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ ഇടയാലിൽ ബൈജുവിന്റെ വീടിനോട് ചേർന്നും കാട്ടുകൊമ്പൻ എത്തി. മുറ്റത്ത് നിൽക്കുന്ന മാവ് കുത്തിമറിക്കാൻ ശ്രമിച്ചു. രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ദിവസങ്ങൾക്കു മുമ്പ് കടുക്കാസിറ്റി ഭാഗത്ത് ഇഞ്ചപ്പിള്ളി ശശിയുടെ വീടിന് മുകളിലേക്ക് ആന മുരിങ്ങാമരം മറിച്ചിട്ടിരുന്നു. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിവീണു. വേട്ടാമ്പാറയിൽ ആന ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.
