കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.
ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ് യുദ്ധം അവശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ 80-)0 വാർഷികത്തിന്റെ ഭാഗമായി പരീക്കണ്ണി വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ പരീക്കണ്ണിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ ക്യാമ്പയിൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
78 വർഷങ്ങളുടെ പ്രവർത്തന നൈരന്തര്യങ്ങളിലൂടെ ലൈബ്രറി 79-ാം വർഷത്തിലേക്ക് കടക്കുകയാണ്.ചടങ്ങിൽ വിക്ടറിൽ ലൈബ്രറി പ്രസിഡന്റ് കെ വി പൗലോസ് അധ്യക്ഷത വഹിച്ചു. ലൈബ്രറിയെ മുൻകാലങ്ങളിൽ സജീവമായി നിലനിർത്തിയ ആരംഭകാല ലൈബ്രറി പ്രവർത്തകരിൽ ഉൾപ്പെട്ട ഭാരവാഹികളായിരുന്ന പരേതരായ ഒ എം അവറാൻ കുട്ടി, പി സി അന്ത്രയോസ്, സി എസ് ജോൺ, സി കെ ജോസഫ്, കെ.എസ്. മുഹമ്മദ് ഹനീഫ എന്നിവരോടുള്ള ആദരസൂചകമായി അവരുടെ ഫോട്ടോ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി എച്ച് നൗഷാദ് അനാച്ഛാദനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിച്ച കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് അവാർഡ് വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ഒ കുര്യാക്കോസ് യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി.കവളങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പട പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി കെ കുഞ്ഞുമോൻ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം അഡ്വക്കേറ്റ് എം കെ വിജയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി എം എ സലാം, വിക്ടറി ലൈബ്രറി വൈസ് പ്രസിഡന്റ് എ ടി പൗലോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബേബി വർഗീസ് എന്നിവർ പങ്കെടുത്തു . വിക്ടറി ലൈബ്രറി സെക്രട്ടറി എ കെ ശങ്കരൻ സ്വാഗതവും,വിക്ടറി വനിതാ വേദി പ്രസിഡന്റ് മോളി അബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. ക്യാമ്പയിനോട് അനുബന്ധിച്ച് പാലസ്തീൻ അധീന വേശ പശ്ചാത്തലത്തിൽ നിർമ്മിച്ച 2024 ലെ ഓസ്കാർ അവാർഡ് നേടിയ സിനിമ NO OTHER LAND കോതമംഗലം ഫിലിം സൊസൈറ്റി സുമംഗലയുടെ സഹകരണത്തോടെ പ്രദർശനം നടത്തി.
