കോതമംഗലം : വെൽഫെയർ സ്കീം പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ – പൊതു വിതരണ വകുപ്പ് മന്ത്രി – ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.വെൽഫെയർ സ്കീം പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ യഥാസമയം ലഭിക്കാത്തതിനാൽ കോതമംഗലം മണ്ഡലത്തിലടക്കമുള്ള സംസ്ഥാനത്തെ അഗതി – അനാഥ മന്ദിരങ്ങൾ,വൃദ്ധ സദനങ്ങൾ,കോൺവെന്റുകൾ,ബാലഭവനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.ചില സാങ്കേതിക കാരണങ്ങളാൽ വെൽഫെയർ സ്കീം പ്രകാരമുള്ള കേന്ദ്ര വിഹിതം സംസ്ഥാനത്തിന് യഥാസമയം ലഭിക്കാത്ത സാഹചര്യം നിലവിൽ ഉണ്ടായിരുന്നു.ടി സാഹചര്യത്തിൽ ടൈഡ് ഓവർ വിഹിതത്തിൽ നിന്നും വക മാറ്റി ഭക്ഷ്യധാന്യങ്ങൾ മുടക്കം കൂടാതെ സ്ഥാപനങ്ങൾക്ക് വിതരണം നടത്തി വന്നിരുന്നു.എന്നാൽ ഭക്ഷ്യ ധാന്യങ്ങൾ വക മാറ്റി ചിലവഴിക്കാൻ പാടില്ല എന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ഉണ്ടായ സാഹചര്യത്തിൽ വെൽഫെയർ സ്കീമിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം 2022 ജൂൺ,ജൂലൈ മാസങ്ങളിൽ നടത്തുവാൻ കഴിഞ്ഞിരുന്നില്ല.ബഹുമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി നിലവിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സം മാറ്റിയതിന്റെ അടിസ്ഥാനത്തിൽ വെൽഫെയർ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലേക്ക് പ്രസ്തുത പദ്ധതിക്കായി 2382.18 മെട്രിക് ടൺ അരിയും 1004. 82 മെട്രിക് ടൺ ഗോതമ്പും കേന്ദ്രസർക്കാർ 02/08/2022 ൽ അനുവദിച്ചിട്ടുണ്ട്.ആയത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി ജി ആർ അനിൽ ആന്റണി ജോൺ എം എൽ എ യെ നിയമ സഭയിൽ അറിയിച്ചു.
