കോതമംഗലം: ഭൂതത്താൻകെട്ടിൽ 2 ദിവസമായി ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാർവാലി കനാലുകളിൽ ജലവിതരണത്തിലെ പ്രതിസന്ധി ഒഴിവാകും. ഇന്നലെ പെരിയാറിൽ ജലനിരപ്പ് 33 മീറ്ററിലെത്തി. 34 മീറ്ററിലെത്തിയാൽ കനാലുകളിൽ ജലവിതരണം സുഗമമാകും.ഭൂതത്താൻകെട്ടിലേക്കു നീരൊഴുക്ക് കൂടുന്നുണ്ടെന്നും ഉടൻ സുഗമ വിതരണത്തിനുള്ള ജലനിരപ്പിലെത്തിയേക്കുമെന്നും പെരിയാർവാലി അധികൃതർ അറിയിച്ചു.
ഇടമലയാർ അണക്കെട്ടിൽ വൈദ്യുതോൽപാദനം കൂട്ടിയതോടെയാണു പെരിയാറിലേക്കു നീരൊഴുക്ക് വർധിച്ചത്. ഇതോടെ മെയിൻ കനാലിൽ ജലനിരപ്പ് ഉയർന്ന് ഹൈ ലെവൽ, ലോ ലെവൽ കനാലുകളിൽ വെള്ളമെത്തി ബ്രാഞ്ച് കനാലുകളിൽ എത്തിത്തുടങ്ങി.ഭൂതത്താൻകെട്ടിൽ ജലനിരപ്പ് 34 മീറ്ററിനു മുകളിലെത്തിയാൽ ബ്രാഞ്ച് കനാലുകളിലെല്ലാം വെള്ളമെത്തിക്കാനാകും. ഭൂതത്താൻകെട്ട് ബറാജിന്റെ ഷട്ടറുകളെല്ലാം അടച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിൽ പെരിയാറിൽ ജലനിരപ്പ് ഉയരാതിരുന്നത് കനാലുകളിൽ ജലവിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.