കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് വെറ്ററിനറി സബ് സെന്റർ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു .
അയിരൂർപാടം ,അടിയോടി, പുലിമല ,ആയപ്പാറ ,ആയക്കാട് ,തൈക്കാവുംപടിപ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളെത്തെ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്.പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ക്ഷീര കർഷകരുള്ള പ്രദേശമാണിത്.കന്നുകാലികളെക്കൊണ്ട് വളരെ ദൂരം യാത്ര ചെയ്യണമായിരുന്നു ഈ പ്രദേശത്തുകാർ. ഉപകേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ ക്ഷീരകർഷകർക്ക് വീടിനടുത്തു തന്നെ സേവനം ലഭിക്കുമെന്ന് എം എൽ എ പറഞ്ഞു . അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘം ഭരണസമിതി നൽകിയ, സംഘത്തിൻ്റെ വാടക രഹിത കെട്ടിടത്തിലാണ് ഉപകേന്ദ്രം പ്രവർത്തിക്കുക. മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുള്ള സംഘമാണിത്.വാടകയില്ലാതെ സംഘത്തിൻ്റെ കെട്ടിടം ഈ ആവശ്യത്തിനു നൽകിയ ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം എൽ എ പറഞ്ഞു .
