കോതമംഗലം : കേരളത്തിലെ ഏറ്റവും വീതികൂടിയ വേമ്പനാട്ട് കായൽ നീന്തി കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഖ്യാതിനേടി കോതമംഗലം സ്വദേശി ഗായത്രി പ്രവീൺ.ഇന്ന് ശനിയാഴ്ച രാവിലെയാണ് ഗായത്രി വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതു ചരിത്രം എഴുതിയത്. കോതമംഗലം,പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയും, വാരപ്പെട്ടി ഇളങ്ങവം പുളികാംകുന്നത് പ്രവീണിന്റെയും, ചിഞ്ചുവിന്റെയും മകളുമാണ് ആറുവയസ്സുകാരി ഗായത്രി. ശനിയാഴ്ച രാവിലെ 8 മണിക്ക് ആലപ്പുഴ ജില്ലയിലെ ചേർത്തല, തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലൊരാ ബീച്ച് വരെയുള്ള നാലര കിലോമീറ്റർ ആണ് നീന്തി ചരിത്രം കുറിച്ചത്. അരൂർ എം എൽ എ ദലീമ ജോജോ നീന്തൽ ഉത്‌ഘാടനം ചെയ്യ്തു.കോതമംഗലത്തെ പ്രശസ്ത നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ഒരു വർഷം ആയി ഗായത്രി നീന്തൽ പരിശീലിക്കുന്നു.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിനു കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും, കോതമംഗലം പുഴയിലുമായിട്ടാണ് ഈ മിടുക്കി പരിശീലനം പൂർത്തിയാക്കിയത്. വൈക്കം കായലൊരാ ബീച്ചിൽ നീന്തി കയറിയ ഗായത്രിയെ വൈക്കം തഹസിൽദാർ ടി. എൻ വിജയൻ സ്വികരിച്ചു. സമാപന സമ്മേളനത്തിന്റെ ഉത്‌ഘാടനം പ്രശസ്ത ചലച്ചിത്ര താരം ചെമ്പിൽ അശോകൻ നിർവഹിച്ചു.
വൈക്കം എം. എൽ.എ. സി. കെ. ആശ, മുൻസിപ്പൽ ചെയർപേഴ്സൺ രാധിക ശ്യാം,സി. എൻ പ്രദീപ് കുമാർ, അഡ്വ. കെ. കെ രഞ്ജിത്, രമേശൻ, അജിത് വർമ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ്, മുൻ വൈക്കം ചെയർപേഴ്സൺ ഇന്ദിര ദേവി, പ്രോഗ്രാം കോ. ഓർഡിനേറ്റർ ഷിഹാബ് കെ സൈനു എന്നിവർ പ്രസംഗിച്ചു. ബിജുവിന്റെ നീന്തൽ പരിശീലന മികവിലാണ് പതിമൂന്നുകാരൻ അനന്തദർശൻ,ഏഴ് വയസുകാരി ജുവെൽ മറിയം ബേസിൽ, അഞ്ചു വയസുകാരൻ നിരാജ് ശ്രീകാന്ത്, പതിനൊന്നുകാരിയും ബിജുവിന്റെ മകളുമായ ലയ ബി നായർ എന്നിവർ വേമ്പനാട്ട് കായൽ നീന്തി കിഴടക്കിയത്.12000ത്തിൽ പരം പേരെയാണ് ബിജു തങ്കപ്പൻ ഇതുവരെ നീന്തൽ പഠിപ്പിച്ചിരിക്കുന്നത്.
ചിത്രം : വേമ്പനാട്ട് കായൽ നീന്തികടക്കുന്ന ഗായത്രി