കോതമംഗലം: കോതമംഗലം ബ്ലോക്കിൽ പച്ചക്കറിവിത്ത് പായ്ക്കറ്റുകളുടെ വിതരണത്തിന് തുടക്കമായി. പഞ്ചായത്ത് / മുൻസിപ്പൽ തലത്തിൽ മുഴുവൻ കൃഷിഭവനുകളിലേക്കായി ജീവനി പദ്ധതി പ്രകാരം 33000 പച്ചക്കറിവിത്തു പാക്കറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലത്ത് വീട്ടിൽ കഴിയുന്നവർ പരമാവധി പച്ചക്കറികൾ കൃഷി ചെയ്യുവാൻ മുന്നിട്ടിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കൃഷി വകുപ്പ് തയ്യാറാക്കിയ പച്ചക്കറി വിത്തുകളുടെ വിതരണമാണ് ഇന്ന് ആരംഭിച്ചത്. ആൻറണി ജോൺ MLA വിത്ത് വിതരണത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം ,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി. സിന്ധു, എന്നിവർ സന്നിഹിതരായിരുന്നു.
ആദ്യഘട്ടത്തിൽ ബ്ലോക്ക് പരിധിയിൽ മൂന്നര ലക്ഷം ഹൈബ്രിഡ് പച്ചക്കറിതൈകൾ വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ 33000 പച്ചക്കറിവിത്ത് പാക്കറ്റുകൾ വിതരണം നടത്തുന്നത്. വിത്തു പായ്ക്കറ്റുകൾ വിവിധ പഞ്ചായത്തുകളും, കൃഷിഭവനുകളും ചേർന്ന് വിത്തു വിതരണത്തിനായി സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ എ.ഡി.എസ്; ജനപ്രതിനിധികൾ , റേഷൻ കടകൾ, ബാങ്കുകൾ തുടങ്ങിയവ വഴി വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്.