പല്ലാരിമംഗലം: ശാസ്ത്രീയവും ഗുണമേന്മ ഉള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് വർണ്ണ കൂടാരം. എറണാകുളം ജില്ല കോതമംഗലം ബിആർസിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ച് 13 പ്രവർത്തന ഇടങ്ങളിലായി നിർമ്മിച്ച വർണ്ണ കൂടാരത്തിന്റെ ഉത്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025 മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കോതമംഗലം എം.എൽ.എ ശ്രീ. ആൻറണി ജോൺ നിർവഹിച്ചു.
തദവസരത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. റാണിക്കുട്ടി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഖദീജ മുഹമ്മദ് , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സീനത്ത് മൈതീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. അലി അൾട്ടിമ , മൂവാറ്റുപുഴ പോലീസ് എസ് എച് ഒ ശ്രീ. സിദ്ദിഖ് കെ പി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. നിസാമോൾ ഇസ്മയിൽ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന് സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ. സജിമോൻ പി എൻ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി. ചിത്ര എം കെ നന്ദിയും രേഖപ്പെടുത്തി.



























































