കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി കൊണ്ട് ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,പഞ്ചായത്ത് മെമ്പർമാരായ ചെറിയാൻ ദേവസ്യ, എയ്ഞ്ചൽ മേരി ജോബി,ഉമൈബ നാസർ,അൻസി ഹാരീസ്,ഡയാന നോബി,എ ഡി സി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.കേര ഗ്രാമം പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഈ മാസം 20 മുതൽ വാരപ്പെട്ടി കൃഷി ഭവനിൽ അപേക്ഷ നൽകേണ്ടതാണ്. പഞ്ചായത്തിലെ തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഒരു ബ്രഹത്തായ പദ്ധതിയാണ് കേര ഗ്രാമം പദ്ധതി.
250 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്തിൽ നിലവിലുള്ള തെങ്ങ് കൃഷിയുടെ വിസ്തീർണ്ണം കണക്കാക്കി ബാക്കി വരുന്ന സ്ഥലത്ത് മറ്റ് പഞ്ചായത്തിലേക്ക് ഭാഗം ചെയ്ത് കൊടുത്ത് ആണ് പദ്ധതി നടപ്പിലാക്കുന്നത്.തെങ്ങിലെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടർ 3 വർഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.തെങ്ങിന് തടം തുടക്കൽ,വളപ്രയോഗം,തെങ്ങിന്റെ മണ്ഡ വൃത്തിയാക്കൽ,ഇടവിള കൃഷി, കേടായ തെങ്ങ് വെട്ടിമാറ്റി പകരം തെങ്ങിൻ തൈ കൊടുക്കൽ,പമ്പ് സെറ്റ്, കിണർ,തെങ്ങ് കയറ്റ യന്ത്രം,മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്,മൂല്യ വർദ്ധിത ഉൽപന്ന യൂണീറ്റ് അടക്കമുള്ള പ്രവർത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ഏകദേശം 70 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്.