കോതമംഗലം : വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം തകർന്ന് കിടന്ന പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കാനുള്ള സംവിധാനങ്ങളുമായി അധികൃതരെത്തി പണികളാരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ റോഡ് തകർന്നു കിടക്കുകയായിരുന്നു. നിത്യേന നിരവധി വാഹങ്ങളാണ് അപകടത്തിൽപ്പെട്ടിരുന്നത്. പൊതുമരാമത്ത് വകുപ്പിന് പരാതികളും നിവേദനങ്ങളും കൊടുത്ത് മടുത്തപ്പോൾ വാർഡ് മെമ്പർ പ്രിയ സന്തോഷിന്റെ നേതൃത്വത്തിൽ സമീപവാസികളും ബിജെപി പ്രവർത്തകരും സമരവുമായി രംഗത്തെത്തി റോഡിലെ കുഴികളിൽ വാഴയും തെങ്ങും പൂച്ചെടികളും നട്ട് പ്രതിഷേധിക്കുകയും ചെയ്തു.
അതെതുടർന്ന് റോഡ് നവീകരിക്കാൻ മിറ്റലും യന്ത്ര സാമഗ്രികളും സ്ഥലത്ത് കൊണ്ടുവന്നിട്ടിട്ട് രണ്ട് മാസമായി. പണികൾ ചെയ്തുമില്ല പോരാത്തതിന് റോഡ് സൈഡിൽ ഇറക്കിയിട്ട പണി സാധനങ്ങളെല്ലാം കഴിഞ്ഞയാഴ്ച തിരികെ കൊണ്ട് പോകുകയും ചെയ്തു. അധികൃതരുടെ അനാസ്ഥക്കെതിരെ വാർഡ് മെമ്പറും ബിജെപി പ്രവർത്തകരും തിങ്കളാഴ്ച്ച വീണ്ടും സമരവുമായെത്തി. സമരത്തെ തുടർന്ന് അധികാരികൾ സ്ഥലത്തെത്തുകയും നൂറ് മീറ്ററോളം നീളത്തിൽ റോഡ് രണ്ടടി ഉയർത്തി ടാർ ചെയ്യുവാൻ തീരുമാനിക്കുകയും തുടന്ന് ഇന്ന് രാവിലെ മുതൽ യന്ത്രസാമഗ്രികളുമായെത്തി നിർമ്മാണ പ്രവർത്തനകളാരംഭിച്ചു.