കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് വേറിട്ട കൃഷി രീതി നടപ്പിലാക്കുന്നു. 10 ഏക്കറോളം വരുന്ന കണ്ണാപ്പിള്ളി പാടശേഖരത്ത് നെൽകൃഷി നടത്തി കൃഷിക്കാർക്ക് തന്നെ വിളവ് നൽകുകയാണ് ബാങ്ക്. 8 ഏക്കറോളം ഭൂമി ഒരു പൂവ്(മകര പൂ)കൃഷി മാത്രമാണ് ചെയ്തിരുന്നത്. ഒന്നര ഏക്കറോളം ഭൂമി കഴിഞ്ഞ 10 വർഷമായി തരിശായി കിടക്കുകയായിരുന്നു. കൃഷി ഭൂമിയുടെ ഉടമകളുമായി ബാങ്ക് ഏർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിൽ കൃഷിയുടെ ചിലവ് പൂർണ്ണമായി ബാങ്ക് ഏറ്റെടുത്തു.തുടർന്ന് ഒരേ ദിവസം തന്നെ ഒരേ വിത്ത് തന്നെ കൃഷിയിറക്കി. വിളവെടുപ്പ് നടത്തി കഴിയുമ്പോൾ കൃഷിക്കാർക്ക് ഭൂമിയുടെ സെന്റടിസ്ഥാനത്തിൽ നെല്ലോ,നെല്ല് വേണ്ടാത്തവർക്ക് നെല്ല് വിറ്റ് പണമോ നൽകും.
അമിതമായ രാസവള പ്രയോഗമോ രാസവസ്തുക്കൾ ചേർത്തുള്ള കീടനാശിനി പ്രയോഗമോ നടത്തില്ല.കൃഷി വകുപ്പിന്റെ എല്ലാ വിധ സഹകരണവും ലഭിക്കുന്നുണ്ട്. ആന്റണി ജോൺ എംഎൽഎ കണ്ണാപ്പിളളി പാടശേഖരത്ത് വിത്ത് വിതച്ച് പരിപാടിയ്ക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഓഫീസർ എം എൻ രാജേന്ദ്രൻ,ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ,സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ,കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,മികച്ച കർഷകൻ സി പി യാക്കോബ്
തുടങ്ങിയവർ പങ്കെടുത്തു.